Wed. Jan 22nd, 2025

മോസ്‌കോ: പുതിയ ലോകക്രമത്തില്‍ റഷ്യ-ചൈന ബന്ധത്തിന് അതിയായ പ്രാധാന്യമുണ്ടെന്ന് പ്രഖ്യാപിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍. റഷ്യയില്‍ സന്ദര്‍ശനത്തിനെത്തിയ ചൈനീസ് വിദേശകാര്യ ഉപദേഷ്ടാവ് വാങ് യീയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു പുടിന്റെ പരാമര്‍ശം. യുക്രൈന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച യുഎസിന് മറുപടി ആയിട്ടാണ് പുടിന്റെ പ്രഖ്യാപനം. ചൈന റഷ്യ ബന്ധത്തെ ഒരു ശക്തിക്കും ഇല്ലാതാക്കാനാവില്ലെന്ന് വാങ് യീയും പ്രതികരിച്ചു. ചൈനീസ് പ്രസിഡന്റ് ഷീ ചിങ്പിങ്ങിനെ പുടിന്‍ റഷ്യയിലേക്ക് ക്ഷണിക്കുകയും ചെയ്തു. യുക്രൈനെതിരെ യുദ്ധം തുടരുമെന്നും പുടിന് പറഞ്ഞു. യുക്രൈന്‍ അധിനിവേശത്തിന്റെ വാര്‍ഷികത്തില്‍ റഷ്യന്‍ ജനതയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പുടിന്‍ ഇക്കാര്യം പറഞ്ഞത്. അതേസമയം, ആണവായുധങ്ങള്‍ കുറയ്ക്കാന്‍ വേണ്ടി റഷ്യയും അമേരിക്കയും തമ്മിലുണ്ടാക്കിയ കരാറില്‍ നിന്ന് പിന്‍വാങ്ങുമെന്ന പുടിന്റെ പ്രഖ്യാപനം വലിയ തെറ്റാണെന്ന് ബൈഡന്‍ പറഞ്ഞു. പോളണ്ട് സന്ദര്‍ശനത്തിനിടെ കിഴക്കന്‍ യൂറോപ്പിലെ നാറ്റോ സഖ്യകക്ഷി നേതാക്കളുമായി കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം