ഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയെ വിമാനത്തില്‍ നിന്ന് ഇറക്കി വിട്ടു. ഇന്‍ഡിഗോ വിമാനത്തില്‍ നിന്നാണ് ഇദ്ദേഹത്തെ ഇറക്കി വിട്ടത്. ബോര്‍ഡിങ് പാസെടുത്ത് വിമാനത്തില്‍ കയറിയ ശേഷമാണ് പവന്‍ ഖേരയെ പുറത്താക്കിയതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. ഡല്‍ഹിയില്‍ നിന്ന് ഛത്തീസ്ഗഢിന്റെ തലസ്ഥാനമായ റായ്പൂരിലേക്ക് പാര്‍ട്ടി പ്ലീനറി യോഗത്തിനായി പോകാനിരിക്കെയാണ് സംഭവം ഉണ്ടായത്. പവന്‍ ഖേരയെ പുറത്താക്കിയതോടെ അതേ വിമാനത്തിലുണ്ടായുരുന്ന പ്രവര്‍ത്തകര്‍ വിമാനത്തില്‍ നിന്നിറങ്ങി പ്രതിഷേധിച്ചു. റായ്പൂരിലേക്ക് കൊണ്ടുപോകരുതെന്ന് നിര്‍ദേശം ലഭിച്ചതായി ഇന്‍ഡിഗോ അറിയിച്ചു. അദ്ദേഹത്തിന്റെ പേരില്‍ കേസ് ഉള്ളതിനാല്‍ പോകാന്‍ പറ്റില്ല എന്നായിരുന്നു വിശദീകരണം. വിമാനത്തില്‍ നിന്ന് ഇറക്കിവിട്ട നാടകീയ സംഭവങ്ങള്‍ക്ക് ശേഷം പവന്‍ഖേരയെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രധാനമന്ത്രിക്കെതിരായ പരാമര്‍ശത്തിലാണ് കസ്റ്റഡിയിലെടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിച്ചുവെന്ന് ആരോപിച്ച് പവന്‍ ഖേരയെ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു.