Mon. May 6th, 2024

കാലിഫോര്‍ണിയ: ഇന്ത്യ ഭാവിയുടെ പ്രതീക്ഷയെന്നും ഒട്ടേറെ പ്രതിസന്ധികള്‍ നേരിടുമ്പോഴും വെല്ലുവിളികളെ തരണം ചെയ്ത് കഴിവ് തെളിയിച്ച രാജ്യമാണെന്നും മൈക്രോ സോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്സ്. അദ്ദേഹത്തിന്റെ ബ്ലോഗിലാണ് ഇക്കാര്യം കുറിച്ചത്. ‘ശരിയായ ആശയങ്ങളും കൃത്യമായി എത്തിക്കാനുള്ള മാര്‍ഗങ്ങളുമുണ്ടെങ്കില്‍ ഏത് വലിയ പ്രശ്‌നവും ഒറ്റയടിക്ക് പരിഹരിക്കാമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ആവശ്യത്തിന് പണമോ സമയമോ ഇല്ലെന്ന പ്രതികരണമാണ് പലപ്പോഴും ലഭിക്കുന്നത്. എന്നാല്‍ ഇവയെല്ലാം തെറ്റാണെന്ന് ഇന്ത്യ തെളിയിച്ചു. ഇന്ത്യയുടെ നേട്ടത്തിന് മറ്റൊരു തെളിവും ആവശ്യമില്ല-‘ബില്‍ഗേറ്റ്‌സ് ബ്ലോഗില്‍ കുറിച്ചു. ലോകത്തെ ഏറ്റവും വലിയ ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറുകയാണ്. അതുകൊണ്ട് തന്നെ അവിടത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്നത് അത്ര ചെറിയ കാര്യമല്ല. എന്നാല്‍ ആ വെല്ലുവിളികള്‍ പരിഹരിക്കാന്‍ സാധിക്കുമെന്ന് ഇന്ത്യ തെളിയിച്ചു. പോളിയോ നിര്‍മാര്‍ജനം ചെയ്തു. എച്ച്‌ഐവി പടരുന്നത് നിയന്ത്രിച്ചു, രാജ്യത്തെ ദാരിദ്ര്യം കുറച്ചു ശിശുമരണനിരക്ക് കുറച്ചു സാമ്പത്തിക സേവനങ്ങളും ശുചീകരണ പ്രവര്‍ത്തനങ്ങളും ജനങ്ങള്‍ക്ക് പ്രാപ്യമാക്കുന്ന രീതിയിലേക്ക് മാറ്റിയെന്നും അദ്ദേഹം ബ്ലോഗില്‍ പറയുന്നു. ബില്‍ഗേറ്റ്‌സിന്റെ ബ്ലോഗിനെക്കുറിച്ചുള്ള മാധ്യമ റിപ്പോര്‍ട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ പങ്കുവെയ്ക്കുകയും ചെയ്തു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം