Thu. May 2nd, 2024

ബെംഗളൂരു: ഹിജാബ് ധരിച്ച് പരീക്ഷയെഴുതാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടകയിലെ വിദ്യാര്‍ത്ഥിനികള്‍ സുപ്രീംകോടതിയില്‍. വിഷയത്തില്‍ അടിയന്തര വാദം കേള്‍ക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. അതേസമയം, വിഷയം പരിശോധിച്ച് ബെഞ്ച് രൂപീകരിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഹര്‍ജിക്കാര്‍ക്ക് ഉറപ്പ് നല്‍കി. മാര്‍ച്ച് 9 ന് പ്രീ-യൂണിവേഴ്സിറ്റി പരീക്ഷകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ഹിജാബ് ധരിച്ച് പരീക്ഷ എഴുതാന്‍ അനുവദിച്ചില്ലെങ്കില്‍ പെണ്‍കുട്ടികള്‍ക്ക് ഒരു വര്‍ഷം നഷ്ടമാകുമെന്നും ഹര്‍ജിയില്‍ പറയുന്നു. അതിനാല്‍ അടിയന്തര ലിസ്റ്റിംഗ് വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ആരാണ് പരീക്ഷ എഴുതാന്‍ അനുവദിക്കാത്തത് എന്ന സുപ്രീം കോടതിയുടെ ചോദ്യത്തിന്, ഹിജാബ് ധരിച്ച് പരീക്ഷ എഴുതാന്‍ അധികൃതര്‍ കുട്ടികളെ അനുവദിക്കുന്നില്ലെന്നും ഹിജാബ് ധരിക്കാതെ പരീക്ഷ എഴുതാന്‍ കുട്ടികള്‍ക്ക് കഴിയില്ലെന്നും അഭിഭാഷകന്‍ കോടതിയില്‍ മറുപടി നല്‍കി. ഹിജാബുകള്‍ക്ക് നിയന്ത്രണമുള്ള സര്‍ക്കാര്‍ കോളേജുകളിലാണ് ഹര്‍ജിക്കാരായ വിദ്യാര്‍ത്ഥിനികള്‍ പരീക്ഷ എഴുതുന്നത്. ഈ സാഹചര്യത്തിലാണ് ഇടക്കാല ഇളവ് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. കര്‍ണ്ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധനത്തെക്കുറിച്ച് സുപ്രീം കോടതിയില്‍ രണ്ട് വ്യത്യസ്ത വിധികള്‍ നിലനില്‍ക്കുന്നുണ്ട്. സ്‌കൂളുകളില്‍ യൂണിഫോം നിര്‍ബന്ധമാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടെന്നും ഹിജാബ് ഒരു വ്യക്തിയുടെ തിരഞ്ഞെടുപ്പാണെന്നും അതില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സംസ്ഥാനത്തിനാകില്ലെന്നും പറയുന്നു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം