Mon. Dec 23rd, 2024

വാഷിംഗ്ടണ്‍: യുക്രൈന് വീണ്ടും പിന്തുണ പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. യുഎസുമായുള്ള ആണവ കരാറില്‍ നിന്നും റഷ്യ പിന്മാറിയതിന് പിന്നാലെയാണ് വിണ്ടും യുഎസ് പിന്തുണയുമായി എത്തിയത്. ലോകം കീഴ്മേല്‍ മറിയുമെന്നാണ് പുടിന്‍ കരുതിയതെന്നും, പക്ഷെ അതുണ്ടായില്ലെന്നും ജോ ബൈഡന്‍ പറഞ്ഞു. നാറ്റോ ഒരുമയോടെ നിന്നതാണ് പുടിന്റെ ധാരണയെ തെറ്റിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കീവ് ശക്തമായും അഭിമാനത്തോടെയും തലയുയര്‍ത്തി നില്‍ക്കുന്നുവെന്നും സ്വതന്ത്രമായി നിലകൊള്ളുന്നുവെന്നും അദ്ദേഹം പറഞ്ഞു. യുക്രൈനുള്ള പാശ്ചാത്യ പിന്തുണ ഒരിക്കലും ഇല്ലാതാകില്ലെന്നും നാറ്റോയിലെ ഒരു അംഗത്തിനെതിരായ ആക്രമണം എല്ലാവര്‍ക്കുമെതിരായ ആക്രമണമായാകും കണക്കാക്കുകയെന്നും ബൈഡന്‍ മുന്നറിയിപ്പ് നല്‍കി.

ഫെബ്രുവരി 24 ന് യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തിന് ഒരു വര്‍ഷം തികയുകയാണ്. അതീവ രഹസ്യമായി ബൈഡന്‍ യുക്രൈന്‍ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് റഷ്യ ആണവ കരാറില്‍ നിന്നും പിന്മാറിയത്. ആധുനിക ചരിത്രത്തിലാദ്യമായിട്ടായിരുന്നു ഒരു അമേരിക്കന്‍ പ്രസിഡന്റ് യുഎസ് മിലിട്ടറിയുടെ പരിധിക്ക് പുറത്തുള്ള ഒരു യുദ്ധമേഖല സന്ദര്‍ശിക്കുന്നത്. അപ്രതീക്ഷ സന്ദര്‍ശനത്തിലൂടെ യുക്രൈന് പിന്തുണ അറിയിക്കുകയാണ് ചെയ്തത്. ഇതോടെയാണ് അമേരിക്കയുമായുള്ള ആണവ ഉടമ്പടിയില്‍ നിന്ന് താത്കാലികമായി പിന്മാറുന്നതായി പറഞ്ഞുള്ള രൂക്ഷ പ്രസംഗം നടത്തിയത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം