ശ്രീനഗര്‍: ജമ്മു-കശ്മീരിലെ റംബാന്‍ ജില്ലയില്‍ ഭൂമി ഇടിഞ്ഞ് താഴ്ന്നു. ഭൂമി ഇടിഞ്ഞ് താഴ്ന്നതിനെ തുടര്‍ന്ന് വീടുകളും പവര്‍ ട്രാന്‍സ്മിഷന്‍ ടവറുകളും തകര്‍ന്നതായി അധികൃതര്‍ അറിയിച്ചു. വെള്ളിയാഴ്ച മുതലാണ് മണ്ണിടില്‍ തുടങ്ങിയത്. 16 ഓളം വീടുകള്‍ക്ക് ഇതുവരെ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഇവയില്‍ മൂന്ന് കെട്ടിടങ്ങളില്‍ രണ്ട് ദിവസങ്ങള്‍ കൊണ്ട് വിള്ളലുകള്‍ വര്‍ധിച്ചതായും അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ 33 കെവി പവര്‍ ട്രാന്‍സ്മിഷന്‍ ലൈന്‍ തകരാറിലായതിനെ തുടര്‍ന്ന് പ്രദേശത്തെ നിരവധി പഞ്ചായത്തുകളിലേക്കുള്ള വൈദ്യുതി വിതരണം നിലച്ചിട്ടുണ്ട്.
ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ വിദഗ്ധ സംഘം നാളെ ഗ്രാമം സന്ദര്‍ശിച്ച് ഭൂമി ഇടിയുന്നതിന്റെ കാരണം കണ്ടെത്തുമെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം, അപകടത്തില്‍പ്പെട്ട കുടുംബങ്ങളെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ഗന്ദര്‍ബാല്‍ ജില്ലയിലെ ഗുണ്ട് മേഖലയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് നിരവധി വീടുകളും കടകളും തകരുകയും ശ്രീനഗര്‍-സോന്‍മാര്‍ഗ് റോഡില്‍ വാഹന ഗതാഗതം തടസപ്പെടുകയും ചെയ്തു.