Sun. May 5th, 2024

മുംബൈ: അടുത്ത വര്‍ഷം ആഗോള വളര്‍ച്ചയില്‍ ഇന്ത്യ നിര്‍ണ്ണായക പങ്ക് വഹിക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്). അടുത്ത വര്‍ഷം ആഗോളതലത്തിലുള്ള വളര്‍ച്ചയുടെ 50 ശതമാനത്തിലധികവും സംഭാവന ചെയ്യുന്നത് ഇന്ത്യയും ചൈനയുമായിരിക്കും എന്നാണ് ഐഎംഎഫിന്റെ പ്രവചനം. മറ്റു രാജ്യങ്ങളുടെ സംഭാവന 25 ശതമാനമായിരിക്കും എന്നാണ് ഐഎംഎഫിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഏഷ്യയാകും ആഗോളവളര്‍ച്ചയുടെ പ്രധാന ചാലക ശക്തിയായി നിലകൊള്ളുക എന്നും റിപ്പോര്‍ട്ടിലുണ്ട്.

കൊവിഡ് വ്യാപനത്തിന് മുന്‍പ് നിലനിന്നിരുന്ന വളര്‍ച്ചയിലേക്ക് തായ്‌ലാന്റ്, വിയറ്റ്‌നാം, മലേഷ്യ, കംബോഡിയ, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ എത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2024 ആകുന്നതോടെ ഇന്ത്യയില്‍ നിലനില്‍ക്കുന്ന പണപ്പെരുപ്പം ശമിക്കുമെന്നാണ് കരുതുന്നത്. അടുത്ത സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ പണപ്പെരുപ്പം 2022 ലെ 6.8 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി കുറയുമെന്നായിരുന്നു കഴിഞ്ഞ ജനുവരി ഒന്നിന് പുറത്തുവിട്ട ഐഎംഎഫിന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. ആഗോള തലത്തില്‍ പണപ്പെരുപ്പം കുറയുന്ന സാഹചര്യത്തില്‍ ഇന്ത്യയുടെ പണപ്പെരുപ്പം 2023 ല്‍ 5 ശതമാനമായി കുറയുമെന്നും 2024 ആവുമ്പോഴേക്ക് ഇത് 4 ശതമാനത്തിലെത്തുമെന്നും ഐഎംഎഫിന്റെ റിസര്‍ച്ച് ഡിപ്പാര്‍ട്ട്മെന്റ് ഡിവിഷന്‍ ചീഫ് ഡാനിയല്‍ ലീ മാധ്യമങ്ങളോട് പറഞ്ഞു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം