Wed. Dec 18th, 2024

മുംബൈ: ശിവസേനയുടെ ചിഹ്നവും പേരും ആര്‍ക്കെന്ന് സുപ്രീംകോടതി തീരുമാനിക്കുമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. പാര്‍ട്ടി ചിഹ്നം ആരുടേതെന്നതില്‍ പരമോന്നത കോടതിയാണ് അന്തിമ തീരുമാനമെടുക്കുക. വിഷയം സബ് ജുഡീഷ്യല്‍ ആയതിനാല്‍ തെരഞ്ഞെടുപ്പ് കമീഷന്‍ തീരുമാനമെടുക്കേണ്ടതില്ലെന്ന് സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടതാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഇതുമായി ബന്ധപ്പെട്ട് ഉദ്ധവ് താക്കറെ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഇന്ന് കേസ് പരിഗണിക്കുന്നത്. ഉദ്ധവ് പക്ഷത്തിന്റെ നീക്കത്തിനെതിരെ ഷിന്‍ഡെ വിഭാഗം ശിവസേന സമര്‍പ്പിച്ച തടസ ഹര്‍ജിയും കോടതി പരിഗണിക്കും.

പാര്‍ട്ടിയുടെ ഔദ്യോഗിക തെരഞ്ഞെടുപ്പ് ചിഹ്നവും പേരും ഷിന്‍ഡെ പക്ഷത്തിനാണെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ നിലപാടിനെ ചോദ്യം ചെയ്തുകൊണ്ടാണ് താക്കറെ പക്ഷം ഹര്‍ജി സമര്‍പ്പിച്ചത്. സേനയുടെ പേരും പാര്‍ട്ടി ചിഹ്നവും വാങ്ങാന്‍ 2000 കോടി രൂപയുടെ ഇടപാട് നടന്നുവെന്ന ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു. ഷിന്‍ഡെ പക്ഷത്തിനാണ് ശിവസേനയുടെ ഔദ്യോഗിക പേരും ചിഹ്നവുമെന്ന് വെള്ളിയാഴ്ചയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം