Mon. Dec 23rd, 2024

തുറ: ഈ മാസം 27 ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മേഘാലയില്‍ പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്ക് സ്റ്റേഡിയം അനുമതി നിഷേധിച്ച് മേഘലയ സര്‍ക്കാര്‍. മുഖ്യമന്ത്രി കൊര്‍ണാഡ് കെ സാംഗ്മയുടെ മണ്ഡലമായ സൗത്ത് തുറയിലെ സ്റ്റേഡിയത്തിനാണ് അനുമതി നിഷേധിച്ചത്. സ്റ്റേഡിയത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന കായിക വകുപ്പ് അനുമതി നിഷേധിച്ചത്. പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കായി സംസ്ഥാന ബിജെപി നേതൃത്വമാണ് അനുമതി തേടിയത്.

അതേസമയം, ഭരണകക്ഷിയായ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി) തൃണമൂല്‍ കോണ്‍ഗ്രസിനും മറ്റു പ്രതിപക്ഷ പാര്‍ട്ടികള്‍ക്കുമൊപ്പം സംസ്ഥാനത്ത് ബിജെപിയുടെ തരംഗം ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്ന് ബിജെപി ആരോപിച്ചു. ഫെബ്രുവരി 24-ന് ഷില്ലോങ്ങിലും തുറയിലും പ്രചാരണം നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. 127 കോടി രൂപയ്ക്കു നിര്‍മിച്ച സ്റ്റേഡിയമാണിത്. സ്റ്റേഡിയത്തിന്റെ നിര്‍മാണ ചെലവില്‍ 90 ശതമാനവും കേന്ദ്രത്തിന്റേതായിരുന്നു. കഴിഞ്ഞ ഡിസംബര്‍ 16നാണ് സ്റ്റേഡിയം ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനം ചെയ്ത് വെറും രണ്ടുമാസത്തിനുള്ളില്‍ തന്നെ വീണ്ടും പണി നടക്കുകയാണെന്നും പ്രധാനമന്ത്രിക്കായി നല്‍കാനാകില്ലെന്നും പറയുന്നതില്‍ അത്ഭുതമുണ്ടന്നും ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി റിതുരാജ് സിന്‍ഹ പറഞ്ഞു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം