മുംബൈ: ശിവസേനയുടെ പേരിനും ചിഹ്നത്തിനുമായി സുപ്രീംകോടതിയെ സമീപിച്ച് ഉദ്ധവ് താക്കറെ. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിന് ശിവസേനയുടെ പേരും ചിഹ്നവും അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിനെതിരെയാണ് ഉദ്ധവ് താക്കറെ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. കേസ് നാളെ പരിഗണിക്കണമൈന്നും അടിയന്തര വാദം കേള്‍ക്കുന്നതിനായി പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, കേസ് എന്ന് പരിഗണിക്കുമെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
ഏക്‌നാഥ് ഷിന്‍ഡെയുടെ ഗ്രൂപ്പിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചിഹ്നം അനുവദിച്ചത് ഉദ്ധവ് താക്കറെയ്ക്ക് വലിയ തിരിച്ചടിയായി. സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതുവരെ കഴിഞ്ഞ വര്‍ഷം ഇടക്കാല ഉത്തരവില്‍ നല്‍കിയ ‘ശിവസേന (ഉദ്ധവ് ബാലാസാഹേബ് താക്കറെ)’ എന്ന പേരും ‘ജ്വലിക്കുന്ന ടോര്‍ച്ച്’ എന്ന ചിഹ്നവും നിലനിര്‍ത്താന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ താക്കറെ വിഭാഗത്തിന് അനുമതി നല്‍കിയിട്ടുണ്ട്.