ഹവായ്: ഹവായിയിലെ ഹോണോലുലുവിന് കിഴക്കുഭാഗത്തായി ഒരു വലിയ വെളുത്ത ബലൂണ്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഹവായ് ലക്ഷ്യമിട്ട് മുന്‍പ് ഇറക്കിയ ചൈനീസ് ചാര ബലൂണ്‍ തകര്‍ത്തതായി യുഎസ് അവകാശപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് പുതിയ ബലൂണ്‍ കണ്ടെത്തിയത്. ഹോണോലുലുവിന് ഏകദേശം 500 മൈല്‍ കിഴക്ക് ഭാഗത്തായാണ് വെളുത്ത ബലൂണിന്റെ സാന്നിധ്യം കണ്ടെത്തിയത് എന്നാണ് റിപ്പോര്‍ട്ട്. 40,000 മുതല്‍ 50,000 അടി വരെ ഉയരത്തിലാണ് ബലൂണ്‍ ഉള്ളതെന്ന് കണക്കാക്കപ്പെടുന്നു. അതേസമയം, എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ നിന്നോ മറ്റ് യുഎസ് ഉദ്യോഗസ്ഥരില്‍ നിന്നോ നിലവില്‍ വാര്‍ത്തയുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ പുറത്തുവന്നിട്ടില്ല. അജ്ഞാത വസ്തുവിനെ കണ്ടതായി ഒന്നിലധികം പൈലറ്റുമാര്‍ അറിയിച്ചിട്ടുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ആഴ്ചകളില്‍ ഇത്തരത്തില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ നിരവധി ബലൂണുകള്‍ യുഎസ് സൈന്യം വെടിവച്ചു വീഴ്ത്തിയിരുന്നു.