Mon. May 6th, 2024

മുംബൈ: ആഭ്യന്തര വിപണിയില്‍ നിന്ന് നിക്ഷേപം പിന്‍വലിച്ചിരുന്ന വിദേശ നിക്ഷേപകര്‍ (എഫ്പിഐ) പോയ വാരത്തില്‍ 7,600 കോടി രൂപയുടെ നിക്ഷേപം നടത്തി ഓഹരി വിപണിയില്‍ തിരിച്ചെത്തി. ഡെപ്പോസിറ്ററികളില്‍ നിന്ന് ലഭ്യമായ കണക്ക് പ്രകാരം ഫെബ്രുവരി 7 മുതല്‍ 12 വരെയുള്ള കാലയളവില്‍ 3,920 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചിരുന്നു. കണക്കുകള്‍ പ്രകാരം ഫെബ്രുവരി 17 വരെയുള്ള കാലയളവില്‍ വിദേശ നിക്ഷേപകര്‍ 7,666 കോടി രൂപയുടെ ഓഹരികള്‍ വാങ്ങിയിട്ടുണ്ട്. 2023 ന്റെ തുടക്കം മുതല്‍ ഫെബ്രുവരി 10 വരെ എഫ്പിഐ 38,524 കോടി രൂപയുടെ ഓഹരികളുടെ അറ്റ വില്പനക്കാരായി. ഇതില്‍ ജനുവരിയില്‍ മാത്രം 28,852 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചിരുന്നു. പണപ്പെരുപ്പത്തെ തുടര്‍ന്ന് കേന്ദ്ര ബാങ്കുകള്‍ നിരക്കുയര്‍ത്തുന്നത് തുടരുമെന്ന ആശങ്കയാണ് എഫ് പിഐകളെ വിപണിയില്‍ നിന്ന് പിന്തിരിപ്പിച്ചിരുന്നത്. ഓട്ടോ മൊബൈല്‍, നിര്‍മാണ മേഖലയിലെ ഓഹരികളിലാണ് എഫ്പിഐകള്‍ കൂടുതലായും നിക്ഷേപം നടത്തിയിട്ടുള്ളത്.

ബാങ്കിങ്, ധനകാര്യ സേവനങ്ങള്‍ നല്‍കുന്ന മറ്റു സ്ഥാപനങ്ങള്‍ എന്നിവയുടെ ഓഹരികളാണ് എഫ്പിഐകള്‍ ഏറ്റവുമധികം വിറ്റഴിച്ചിട്ടുള്ളത്. ഈ വര്‍ഷം ഇതുവരെ എഫ് പിഐകള്‍ 30,858 കോടി രൂപയാണ് പിന്‍വലിച്ചത്. എന്നാല്‍ കടപ്പത്ര വിപണിയില്‍ 5,944 കോടി രൂപയുടെ നിക്ഷേപം നടത്തിയിട്ടുണ്ട്. അദാനി ഓഹരികളില്‍ ഉണ്ടായ തകര്‍ച്ചയും, വിവാദങ്ങളും ശമിച്ചപ്പോള്‍ വിദേശ നിക്ഷേപത്തിലും നേരിയ തോതിലുള്ള പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് മോര്‍ണിംഗ് സ്റ്റാര്‍ ഇന്ത്യയുടെ റീസേര്‍ച്ച് മാനേജര്‍ ഹിമാന്‍ഷു ശ്രീവാസ്തവ അഭിപ്രായപ്പെട്ടു. ഇതോടെ ഇന്ത്യന്‍ വിപണികളിലെ സാധ്യതകളെ ഉപയോഗപ്പെടുത്താന്‍ അവര്‍ക്ക് വീണ്ടും താല്പര്യം വര്‍ധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം