Mon. Dec 23rd, 2024

സംസ്ഥാന കൃഷി വകുപ്പ് ഇസ്രയേലില്‍ ആധുനിക കൃഷിരീതി പരിശീലനത്തിന് അയച്ച 27 കര്‍ഷകരില്‍ ഒരാളെ കാണാതായി. കണ്ണൂര്‍ ഇരിട്ടി സ്വദേശി ബിജു കുര്യനെയാണ് ഇസ്രയേല്‍ ഹെര്‍സ്ലിയയിലെ ഹോട്ടലില്‍നിന്നു 17നു രാത്രി കാണാതായത്. രാത്രി ഭക്ഷണം ക്രമീകരിച്ചിരുന്ന മറ്റൊരു ഹോട്ടലിലേക്കു പുറപ്പെടാനായി കാത്തുനിന്ന ബസിന് അരികിലെത്തിയ ബിജു കുര്യന്‍ വാഹനത്തില്‍ കയറിയില്ല. തുടര്‍ന്ന് അപ്രത്യക്ഷനാകുകയായിരുന്നു.

കയ്യില്‍ പാസ്‌പോര്‍ട്ട് അടങ്ങിയ ഹാന്‍ഡ് ബാഗ് കണ്ടെന്നു സംശയിക്കുന്നതായി സംഘത്തിലുള്ള മറ്റുള്ളവര്‍ പറഞ്ഞു. വിവരം ഇന്ത്യന്‍ എംബസി അധികൃതരെ അറിയിച്ചു. ഇസ്രയേല്‍ പൊലീസെത്തി സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. ആളെക്കുറിച്ചു വിവരം ലഭിച്ചില്ല. സംഘത്തെ നയിക്കുന്ന കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി.അശോക് രാത്രി തന്നെ സംസ്ഥാനത്തെ ബന്ധപ്പെട്ടവരെ വിവരം അറിയിച്ചു. ഇന്ത്യന്‍ അംബാസഡര്‍ക്കും വിവരങ്ങള്‍ കൈമാറി. ഇസ്രയേലിലേക്കുള്ള എയര്‍ ടിക്കറ്റിനുള്ള പണം ബിജു കുര്യന്‍ നല്‍കിയിരുന്നുവെങ്കിലും വീസ സര്‍ക്കാരിന്റെ അഭ്യര്‍ഥനപ്രകാരമുള്ളതാണ്. ഇതിനു മേയ് 8 വരെ കാലാവധിയുണ്ട്. ഇസ്രയേല്‍ പൊലീസ് വ്യാപക തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.