Fri. Nov 22nd, 2024

കണ്ണൂര്‍: കണ്ണൂര്‍ കോടതി സമുച്ചയത്തിന്റെ നിര്‍മ്മാണ കരാര്‍ ഊരാളുങ്കല്‍ സൊസൈറ്റിക്ക് നല്‍കാനുള്ള ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി. ഉയര്‍ന്ന തുക ക്വട്ടേഷന്‍ നല്‍കിയവര്‍ക്ക് കരാര്‍ നല്‍കുന്നത് എങ്ങനെയെന്ന് സുപ്രീംകോടതി ചോദിച്ചു. കുറഞ്ഞ നിരക്കില്‍ നിര്‍മാണത്തിന് ക്വട്ടേഷന്‍ നല്‍കിയ പിഎം മുഹമ്മദാലി നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നടപടി. ഏഴുനില കോടതി സമുച്ചയം ഊരാളുങ്കലിനു നല്‍കിയതില്‍ തെറ്റില്ലെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്.

അതേസമയം, കേസില്‍ സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ള എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു. കണ്‍സ്ട്രക്ഷന് വേണ്ടിയുള്ള മുഹമ്മദാലിയുടെ കുറഞ്ഞ നിരക്കിലെ ക്വട്ടേഷന്‍ പരിഗണിക്കാതെ ഉയര്‍ന്ന തുകക്ക് ക്വട്ടേഷന്‍ നല്‍കിയ ഊരാളുങ്കല്‍ കോര്‍പറേറ്റ് ലേബര്‍ സൊസൈറ്റിയെ ആണ് പരിഗണിച്ചത്.ഇത് ചോദ്യം ചെയ്ത മുഹമ്മദാലി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഊരാളുങ്കലിന് അനുകൂലമായ ഉത്തരവാണുണ്ടായത്. ഇതിന് പിന്നാലെ അദ്ദേഹം സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം