Wed. Jan 22nd, 2025

ഭക്ഷണത്തില്‍നിന്ന് പുഴുവിനെ കിട്ടിയെന്ന പരാതിയില്‍ ഹോട്ടല്‍ പൂട്ടിച്ചു. വാഗമണില്‍ പ്രവര്‍ത്തിക്കുന്ന വാഗാലാന്‍ഡ് എന്ന ഹോട്ടലിനെതിരേയാണ് അധികൃതര്‍ നടപടി സ്വീകരിച്ചത്. വെള്ളിയാഴ്ച രാവിലെ ഹോട്ടലിലെത്തിയ കോഴിക്കോട്ടുനിന്നുള്ള വിദ്യാര്‍ഥികളുടെ സംഘത്തിനാണ് മുട്ടക്കറിയില്‍നിന്ന് പുഴുവിനെ കിട്ടിയത്. ഇതോടെ വിദ്യാര്‍ഥികള്‍ ശക്തമായി പ്രതിഷേധിക്കുകയും അധികൃതരെത്തി ഹോട്ടലിനെതിരേ നടപടി സ്വീകരിക്കുകയുമായിരുന്നു. 

വിദ്യാര്‍ഥികളുടെ വിനോദയാത്ര സംഘത്തിലെ രണ്ടുപേര്‍ക്കാണ് മുട്ടക്കറിയില്‍നിന്ന് പുഴുവിനെ കിട്ടിയത്. ഇതിനിടെ മറ്റുചില കുട്ടികള്‍ക്ക് ഛര്‍ദിയുമുണ്ടായി. ഇതോടെ വിദ്യാര്‍ഥികള്‍ ബഹളംവെയ്ക്കുകയും അധികൃതരെ പരാതി അറിയിക്കുകയുമായിരുന്നു. ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട ആറ് വിദ്യാര്‍ഥികള്‍ നിലവില്‍ ആശുപത്രിയിലാണ്. ഹോട്ടലിനകത്ത് നടത്തിയ പരിശോധനയില്‍ വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണം പാകംചെയ്ത് സൂക്ഷിച്ചിരുന്നതെന്ന് വ്യക്തമായി. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അതിനിടെ, ഭക്ഷണത്തെക്കുറിച്ച് പരാതിപ്പെട്ട വിദ്യാര്‍ഥികളെ ഹോട്ടലുടമയും തൊഴിലാളികളും മര്‍ദിക്കാന്‍ ശ്രമിച്ചെന്നും ആരോപണമുണ്ട്.

വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം സൂക്ഷിച്ചതിന് വാഗാലാന്‍ഡ് ഹോട്ടല്‍ പലതവണ നടപടി നേരിട്ടുണ്ടെന്നാണ് വിവരം. ഒരുമാസം മുന്‍പും അധികൃതര്‍ ഹോട്ടല്‍ അടപ്പിച്ചിരുന്നു. എന്നാല്‍ പിന്നീട് തുറന്നുപ്രവര്‍ത്തനം ആരംഭിച്ചെങ്കിലും പഴയപടി തന്നെ ഭക്ഷണം വിളമ്പിയെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.