Mon. Dec 23rd, 2024

ഖാദി വ്യവസായത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഖാദി ഗ്രാമവ്യവസായ പ്രദര്‍ശന വിപണന മേള ആരംഭിച്ചു. കൊച്ചി പനമ്പിള്ളി നഗറില്‍ 28 വരെയാണ് ഖാദി പ്രദര്‍ശന വിപണന മേള സംഘടിപ്പിക്കുന്നത്. പനമ്പിള്ളി നഗര്‍ റോട്ടറി ക്ലബ്ബില്‍ നടക്കുന്ന മേളയില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള ഖാദി ഉത്പന്നങ്ങളും കരകൗശല വസ്തുക്കളുമാണ് ഒരുക്കിയിട്ടുള്ളത്.

ഖാദി ഉത്പന്നങ്ങള്‍ക്ക് 20 ശതമാനം വരെയും ഗ്രാമീണ, കരകൗശല ഉത്പന്നങ്ങള്‍ക്ക് 10 ശതമാനം വരെയും വിലക്കിഴിവിലാണ് ഖാദി എക്പോയില്‍ വിപണനത്തിന് ഒരുക്കിയിരിക്കുന്നത്. നൂല്‍ നൂല്‍പ്പ് ഖാദി മേളയുടെ പ്രത്യേക ആകര്‍ഷണമാണ്. കോട്ടണ്‍ ഖാദി, മസ്ലിന്‍ ഖാദി, ഖാദി ചുരിദാറുകള്‍, ഖാദി ഷര്‍ട്ടുകള്‍, ഖാദി സില്‍ക്ക്, കാന്ത-ബാലുച്ചേരി സില്‍ക്ക് സാരികള്‍, ജൂട്ട് സില്‍ക്ക്, തേന്‍, ലെതര്‍-കോലാപ്പൂരി ചെരിപ്പുകള്‍, ബാഗുകള്‍, തലയണകള്‍, കരകൗശല വസ്തുക്കള്‍, ആയുര്‍വേദ ഉത്പന്നങ്ങള്‍, ടോയ്ലെറ്റ് സോപ്പുകള്‍, സുഗന്ധദ്രവ്യങ്ങള്‍, ബെഡ് ഷീറ്റ്, അച്ചാറുകള്‍, തേങ്ങ ഉത്പനങ്ങള്‍ തുടങ്ങിയവയാണ് മേളയില്‍ ഒരുക്കിയിരിക്കുന്നത്. പ്രവേശനം സൗജന്യമാണ്.

ദേശീയതയുടെയും സംസ്‌കാരത്തിന്റെയും ഭാഗമായ ഖാദി വസ്ത്രങ്ങള്‍ പരമ്പരാഗത രീതിയില്‍ നിന്ന് മാറി പുതുതലമുറയെ കൂടി ആകര്‍ഷിക്കുന്ന മുഖം സ്വീകരിച്ചതോടെ വില്‍പനയിലും ട്രെന്‍ഡായി മാറികൊണ്ടരിക്കുകയാണ്. 15 ന് ആരംഭിച്ച ഖാദി ഉത്സവ് മേളയില്‍ വെസ്റ്റ് ബംഗള്‍, ബീഹാര്‍ തുടങ്ങി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നും വൈവിധ്യമേറിയ ഉല്‍പന്നങ്ങളാണ് വില്‍പനയ്ക്കായി എത്തിച്ചത്.20 ഓളം സ്റ്റാളുകളിലാണ് പ്രദര്‍ശനത്തിന് ഓരുക്കിയിരിക്കുന്നത്.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.