ബോംബെ ഐഐടിയില്‍ ദളിത് വിദ്യാര്‍ഥി ദര്‍ശന്‍ സോളങ്കി ആത്മഹത്യ ചെയ്ത സംഭവത്തില്‍ രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി ദളിത് സംഘടനകള്‍. ഞായറാഴ്ച ദേശീയ വ്യാപകമായി പ്രതിഷേധദിനം ആചരിക്കുമെന്ന് ദളിത് നേതാവ് ജിഗ്‌നേഷ് മേവാനി അറിയിച്ചു. ദളിത് വിദ്യാര്‍ഥികള്‍ ജാതി അധിക്ഷേപം നേരിട്ടിട്ടും അനങ്ങാതിരുന്ന ഐ ഐ ടി ബോംബെ ഡയറക്ടര്‍ രാജി വയ്ക്കണമെന്ന് അംബേദ്കര്‍ പെരിയാര്‍ ഫുലേ സ്റ്റഡി സര്‍ക്കിള്‍ ആവശ്യപ്പെട്ടു.
സംവരണ സീറ്റില്‍ പ്രവേശനം കിട്ടിയതിന്റെ പേരില്‍ ദര്‍ശന്‍ അധിക്ഷേപങ്ങള്‍ നേരിട്ടുവെന്നും ചില സഹപാഠികള്‍ ഒറ്റപ്പെടുത്തിയെന്നുമാണ് സുഹൃത്തുക്കള്‍ പറയുന്നത്. കുടുംബത്തോടും ക്യാമ്പസിലെ തന്റെ മെന്ററോടും ഇക്കാര്യം ദര്‍ശന്‍ തന്നെ പറഞ്ഞിട്ടുണ്ട്. അധ്യാപകരുടെ സമീപനവും മറ്റൊന്നായിരുന്നില്ലെന്ന് സുഹൃത്തുക്കള്‍ പറയുന്നു. 2014 ല്‍ അനികേത് അമ്പോരെയെന്ന ദളിത് വിദ്യാര്‍ഥിയും ഇതുപോലെ ആത്മഹത്യ ചെയ്തിരുന്നു. അന്നൊരു കമ്മറ്റിയുണ്ടാക്കി പഠിച്ചെങ്കിലും ഇന്നും ക്യാമ്പസില്‍ ദളിത് വിദ്യാര്‍ഥികളുടെ സ്ഥിതി മാറ്റമൊന്നുമില്ല.
ദര്‍ശന്‍ സോളങ്കി മരിച്ചപ്പോഴും ഒറ്റപ്പെട്ട സംഭവമെന്നാണ് ഐഐടി ബോംബെ അഡ്മിനിസ്‌ട്രേഷന്‍ പറയുന്നത്. അഹമ്മദാബാദില്‍ ദര്‍ശന്‍ സോളങ്കിയുടെ വീട് സന്ദര്‍ശിച്ച ജിഗ്‌നേഷ് മേവാനി പ്രത്യേക അന്വേഷണ സംഘം കേസന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു. ഞായറാഴ്ച ദീപങ്ങളുമായി രാജ്യവ്യാപകമായി പ്രതിഷേധിക്കും. പവായ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തെങ്കിലും കാര്യമായി പുരോഗതിയില്ല.