Mon. Dec 23rd, 2024

എറണാകുളം രാജേന്ദ്ര മൈതാനം ഔദ്യോഗികമായി പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. പ്രഫ. എം. കെ. സാനു തുറന്നുകൊടുത്തു. പൊതുയോഗം മേയര്‍ എം അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. മൈതാനത്തെ ആദ്യ പരിപാടിയായി സിതാര കൃഷ്ണകുമാറിന്റെ ‘പ്രൊജക്ട് മലബാറിക്കസ്’ സംഗീതനിശ അരങ്ങേറി. നഗരത്തില്‍ 10 പൊതു ഇടങ്ങള്‍ ഇതുപോലെ വികസിപ്പിക്കുമെന്ന് അധ്യക്ഷനായ ജിസിഡിഎ ചെയര്‍മാന്‍ കെ ചന്ദ്രന്‍പിള്ള പറഞ്ഞു. ഹൈബി ഈഡന്‍ എംപി, എംഎല്‍എമാരായ കെ. ജെ. മാക്‌സി, ടി. ജെ. വിനോദ്, പി. വി. ശ്രീനിജിന്‍, കെഎംആര്‍എല്‍ എംഡി ലോക്‌നാഥ് ബെഹ്‌റ, സിഎസ്എംഎല്‍ സിഇഒ എസ്. ഷാനവാസ്, മുന്‍ മേയര്‍ സൗമിനി ജെയിന്‍, ജിസിഡിഎ സെക്രട്ടറി അബ്ദുല്‍ മാലിക് എന്നിവര്‍ പ്രസംഗിച്ചു.  നഗരങ്ങളുടെ ശ്വാസകോശങ്ങളായ പൊതുഇടങ്ങളും പച്ചപ്പുള്ള സ്ഥലങ്ങളും നവീകരിച്ച് നിലനിര്‍ത്തണമെന്ന് പ്രൊഫ.എം.കെ. സാനു പറഞ്ഞു. രാജേന്ദ്രമൈതാനം തനിക്ക് നിരവധി സ്മരണകള്‍ നല്‍കുന്ന ഇടമാണെന്നും ജസ്റ്റിസ് കൃഷ്ണയ്യരും ഡോ.സി.കെ രാമചന്ദ്രനും താനും ഒരുമിച്ച് രാജേന്ദ്ര മൈതാനത്ത് ചെലവഴിച്ച നിമിഷങ്ങളും അദ്ദേഹം അനുസ്മരിച്ചു.

നാലുവര്‍ഷത്തിലേറെയായി പൂട്ടിക്കിടക്കുകയായിരുന്നു കൊച്ചിയുടെ അവിസ്മരണീയമായ നിരവധി സായന്തനങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച കായലോരത്തെ മൈതാനം. ആംഫി തിയേറ്റര്‍ പോലെ മുന്‍പുണ്ടായിരുന്ന രീതിയില്‍ പടവുകള്‍, പൂന്തോട്ടം, ഇരിപ്പിടങ്ങള്‍, സ്റ്റേജ് എന്നിങ്ങനെ വിവിധ സൗകര്യങ്ങള്‍ പുതുക്കി ഭംഗിയാക്കിയിട്ടുണ്ട്.

വിഖ്യാതമായ രാഷ്ട്രീയ സമ്മേളനങ്ങള്‍ക്കും പ്രസംഗങ്ങള്‍ക്കും വേദിയായ ഇവിടെ ഗാന്ധിജിയും രവീന്ദ്രനാഥ ടാഗോറും എത്തിയിട്ടുണ്ട്. ഒന്നേകാല്‍ ഏക്കറാണ് മൈതാനം. പുനര്‍നിര്‍മ്മാണത്തിന് 85 ലക്ഷം രൂപയുടേതായിരുന്നു കരാര്‍. പഴയതുപോലെ മൈതാനം ഇനി പൊതുപരിപാടികള്‍ക്ക് നല്‍കും. 12,500 രൂപയായിരുന്നു മുമ്പ് വാടക. പുതിയ വാടക നിശ്ചയിച്ചിട്ടില്ല. സ്ഥാനത്യാഗം ചെയ്ത കൊച്ചി രാജാവ് രാമവര്‍മയുടെ ഷഷ്ഠിപൂര്‍ത്തി സ്മാരകമായി 1912ല്‍ ഇതു നിലവില്‍ വന്നെന്നാണു ചരിത്രം. ലണ്ടനിലെ ഹൈഡ് പാര്‍ക്ക് പോലെ ഒരുകാലത്ത് എല്ലാ വെള്ളിയാഴ്ചകളിലും സര്‍ക്കാരിനെ വിമര്‍ശിച്ച് ഇവിടെ ഒരാള്‍ പ്രസംഗിച്ചിരുന്നത്രെ. 1938 ല്‍ ഉത്തരവാദ ഗവണ്‍മെന്റ് പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ കൊച്ചിയില്‍ തുടക്കമിട്ടത് ഇവിടെ നിന്നായിരുന്നു. കേരളപ്പിറവിക്കു ശേഷം സംസ്ഥാനത്തെ ആദ്യ തിരഞ്ഞെടുപ്പില്‍ ഇഎംഎസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ 1957 മാര്‍ച്ച് 26 ന് ജനകീയ സ്വീകരണം ഒരുക്കിയത് രാജേന്ദ്ര മൈതാനത്തായിരുന്നു.

1932 41 കാലത്ത് കൊച്ചി രാജാവായിരുന്ന ധാര്‍മിക ചക്രവര്‍ത്തിയെന്നറിയപ്പെട്ടിരുന്ന രാമവര്‍മയുടെ വെങ്കല പ്രതിമയാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. 2014 ല്‍ ലേസര്‍ ഷോ പ്രദര്‍ശനവുമായി ബന്ധപ്പെട്ടാണ് മൈതാനത്തേക്ക് പൊതുജനങ്ങള്‍ക്കുള്ള പ്രവേശനം തടഞ്ഞത്.ടിക്കറ്റെടുത്ത് മാത്രമേ പ്രവേശനം അനുവദിച്ചിരുന്നുള്ളൂ. ലേസര്‍ഷോ നഷ്ടത്തിലായതോടെ കേസായി. സി.എന്‍.മോഹനന്‍ ജിസിഡിഎ ചെയര്‍മാനായിരിക്കുമ്പോള്‍ പ്രഫ. എം. കെ. സാനു രാജേന്ദ്രമൈതാനം പൊതുജനങ്ങള്‍ക്കു തുറന്നുകൊടുത്തിരുന്നെങ്കിലും മൈതാനം പഴയതുപോലെ സജീവമായില്ല. 8 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ രാജേന്ദ്ര മൈതാനം പഴയ പ്രൗഢിയോടെ തിരിച്ചുവരികയാണ്.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.