വാഷിംഗ്ടണ്‍: കനേഡിയന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഹ്യൂറോണ്‍ തടാകത്തിന് സമീപത്തുള്ള വ്യോമമേഖലയില്‍ മൂന്നാമതൊരു ബലൂണ്‍ വെടിവെച്ചിട്ട് യുഎസ് സൈന്യം. 20,000 അടി ഉയരത്തിലായിരുന്നു ഈ വസ്തു സഞ്ചരിച്ചത്. ചൈനീസ് ചാരബലൂണിനെ അപേക്ഷിച്ച് വളെര ചെറിയ വസ്തുവാണിതെന്ന് പ്രതിരോധസേന ഉദ്യോഗസ്ഥര്‍ പറഞ്ഞു. യുദ്ധവിമാനത്തില്‍ നിന്ന് തൊടുത്ത മിസൈലാണ് ഇത് തകര്‍ത്തത്. ബലൂണിന്റെ അവശിഷ്ടങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമങ്ങളും തുടങ്ങി. യുഎസ് വ്യോമസേനയുടെ എഫ്22 വിമാനം വെള്ളിയാഴ്ച അലാസ്‌കയില്‍ ഒരു അജ്ഞാതപേടകം വെടിവെച്ചിട്ടിരുന്നു. 40,000 അടി ഉയരത്തില്‍ പറക്കുകയായിരുന്ന അജ്ഞാതപേടകത്തെ പ്രസിഡന്റ് ജോ ബൈഡന്റെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു വെടിവെച്ചിട്ടത്. യുഎസ് പ്രസിഡന്റ് ജോ ബൈഡനും കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും സംയുക്തമായി തീരുമാനിച്ചാണ് അജ്ഞാത വസ്തു വെടിവെച്ചിട്ടതെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.