ഡല്‍ഹി: രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലില്‍ ഇടിവ് രേഖപ്പെടുത്തി. നിലവില്‍ ബാരലിന് 85.60 ഡോളറിലാണ് വില നിലവാരം. അതേസമയം, ഇന്ന് പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്. ഡല്‍ഹിയില്‍ പെട്രോളിന് 96.72 രൂപയും ഡീസലിന് 89.62 രൂപയുമാണ് വില. അതേസമയം, സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും അധിക സെസ് ഏര്‍പ്പെടുത്തിയതോടെ 2023 ഏപ്രില്‍ ഒന്നു മുതല്‍ ഇന്ധന വില ഉയര്‍ന്നേക്കുമെന്നാണ് സൂചന. ഇത്തവണത്തെ സംസ്ഥാന ബജറ്റില്‍ സര്‍ക്കാര്‍ അധിക സാമൂഹ്യ സുരക്ഷാ സെസ് ഏര്‍പ്പെടുത്തുകയായിരുന്നു.
ഈ വര്‍ഷം ഡിസംബര്‍ വരെ ക്രൂഡ് ഓയില്‍ വില 100 ഡോളര്‍ നിലവാരം മറികടക്കില്ലെന്ന് ഗോള്‍ഡ്മാന്‍സാക്‌സ് വിലയിരുത്തി. ക്രൂഡ് വിലയിലെ പ്രവചനം ബാരലിന് 98 ഡോളര്‍ എന്നതില്‍ നിന്ന് 92 ഡോളറായി കുറച്ചിട്ടുമുണ്ട്. എണ്ണക്കമ്പനികള്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ നാളുകളായി മാറ്റം വരുത്തിയിട്ടില്ല. ഇക്കാരണത്താല്‍ തന്നെ മാറ്റമില്ലാതെയാണ് ഇപ്പോഴത്തെ വിലനിലവാരം. കഴിഞ്ഞ വര്‍ഷം മെയ് 21-നാണ് കേന്ദ്രസര്‍ക്കാര്‍ രാജ്യവ്യാപകമായി ഇന്ധനനിരക്കില്‍ അവസാനമായി മാറ്റം വരുത്തിയത് പെട്രോളിന്റെ എക്സൈസ് തീരുവ ലിറ്ററിന് എട്ട് രൂപയും ഡീസലിന് ലിറ്ററിന് ആറ് രൂപയുമാണ് അന്ന് കുറച്ചത്.