മലാബോ: ആഫ്രിക്കന്‍ രാജ്യമായ എക്വറ്റോറിയല്‍ ഗിനിയയില്‍ അജ്ഞാതരോഗം റിപ്പോര്‍ട്ട് ചെയ്തു. രോഗത്തെ തുടര്‍ന്ന് എട്ട് പേര്‍ മരണപ്പെട്ടതായി ആരോഗ്യ മന്ത്രി മിതോഹ ഒന്‍ഡോ അയേകബ അറിയിച്ചു. 200 ലധികം പേരെ ക്വാറന്റൈനില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഫെബ്രുവരി ഏഴിനാണ് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്. ഒരു ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്തവരിലാണ് രോഗം കണ്ടെത്തിയതെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
നിലവില്‍ സാമ്പിളുകള്‍ പരിശോധനയ്ക്കായി അയല്‍ രാജ്യമായ ഗാബോണിലേക്ക് അയച്ചിട്ടുണ്ട്. കൂടുതല്‍ പരിശോധനയ്ക്കായി സെനഗലിലെ ഡാക്കറിലേക്ക് അയക്കുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. രോഗത്തെ തിരിച്ചറിയാനും പ്രതിരോധിക്കാനുമായി കൃത്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരുമായി നേരിട്ട് ബന്ധമുള്ള രണ്ട് ഗ്രാമങ്ങള്‍ക്ക് ചുറ്റമുള്ള ഗതാഗത മാര്‍ഗം നിയന്ത്രിച്ചിട്ടുണ്ടെന്നും രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തുന്നതിനുള്ള ശ്രമം തുടരുകയാണെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
രാജ്യത്ത് രോഗം റിപ്പോര്‍ട്ട് ചെയ്തതോടെ അയല്‍രാജ്യമായ കാമറൂണ്‍ അതിര്‍ത്തിയിലൂടെയുള്ള ഗതാഗതം മാര്‍ഗത്തിന് വെള്ളിയാഴ്ച മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തു. ഈ അജ്ഞാതരോഗം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുള്ളതിനാലും, പ്രാരംഭഘട്ടത്തില്‍ തന്നെ കേസുകള്‍ കണ്ടെത്താനുമുള്ള നടപടികള്‍ സ്വീകരിക്കാന്‍ വേണ്ടിയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് കാമറൂണ്‍ ആരോഗ്യമന്ത്രി മലാച്ചി മനൗദ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.