Wed. Jan 22nd, 2025

ലഡാക്ക് സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് റിപബ്ലിക് ദിനമായ ജനുവരി 26 മുതല്‍ അഞ്ച് ദിവസം കൊടും തണുപ്പില്‍ നിരാഹാര സമരത്തിന് ഒരുങ്ങുകയാണ്  രമണ്‍ മാഗ്‌സസെ പുരസ്‌കാര ജേതാവും  3 ഇഡിയറ്റ്‌സ് എന്ന ബോളിവുഡ് സിനിമക്ക്‌ പ്രചോദനവുമായ ജീവിതത്തിന്റെ ഉടമയായ സാമൂഹിക പ്രവര്‍ത്തകന്‍ സോനം വാങ്ചുക്. കേന്ദ്രഭരണ പ്രദേശമായ ലഡാക്കിലെ മൂന്നില്‍ രണ്ട് ഹിമാനികള്‍ നശിച്ചുകഴിഞ്ഞതായി ആണ് സോനം വാങ്ങ്ചുക്ക് പറയുന്നത്. ലഡാക്കിന് സംസ്ഥാന പദവി നല്‍കണമെന്നും ഭരണഘടനയുടെ ആറാം ഷെഡ്യുള്‍ പ്രകാരം സംരക്ഷണം ഉറപ്പ് നല്‍കണമെന്നും സോനം വാങ്ചുക്ക് ആവശ്യപ്പെട്ടി്ട്ടുണ്ട്. 18,000 അടി ഉയരത്തില്‍ മൈനസ് 40 ഡിഗ്രി സെലഷ്യസില്‍ ഖര്‍ദോങ്ലയിലാണ് നടത്തുന്ന സമരം എങ്ങിനെ അവസാനിക്കും എന്ന് അദ്ദേഹത്തിന് തന്നെ ഉറപ്പില്ല. അതിജീവിക്കാനായാല്‍ വീണ്ടും കാണാം എന്നും അദ്ദേഹം വിഡിയോ സന്ദേശത്തില്‍ പറയുന്നു.

”വ്യവസായത്തിനും ടൂറിസത്തിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയില്ലെങ്കില്‍ ലഡാക്ക് തന്നെ ഇല്ലാതാകും. ലഡാക്കിലെ ഹിമാനികള്‍ മൂന്നില്‍ രണ്ട് ഭാഗവും ഇല്ലാതാകുമെന്ന് കശ്മീര്‍ യൂണിവേഴ്‌സിറ്റിയുടെ പഠനം പുറത്തുവന്നു. മനുഷ്യരുടെ ഇടപെടല്‍കൊണ്ട് ഹിമാനികള്‍ വളരെ വേഗത്തില്‍ ഉരുകുകയാണ്. ഈ പ്രദേശങ്ങളില്‍ ശുദ്ധജലക്ഷാമവും രൂക്ഷമാകുന്നു. ആഗോളതാപനത്തിന് അമേരിക്കയും യൂറോപ്പും മാത്രമല്ല കാരണക്കാര്‍; ചെറിയതോതില്‍ നടത്തുന്ന മലിനീകരണവും ദോഷകരമാണ്” സോനം വാങ്ചുക് പറയുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും അമിത് ഷായുടെയും ഇടപ്പെടലുകള്‍ ആവശ്യപ്പെടുന്ന വീഡിയോയില്‍ ലഡാക്കില്‍ മനുഷ്യരുടെ ഇടപെടലുകള്‍ പരമാവധി കുറയ്ക്കണം. ലഡാക്കുള്‍പ്പെടെയുള്ള ഹിമാലയന്‍ മേഖലകളെ വ്യവസായവത്കരിക്കുന്നതില്‍ നിന്നു വിട്ടുനില്‍ക്കണം. ജനങ്ങളും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ബോധവാന്‍മാരാകുകയും മലിനീകരണം കുറയ്ക്കാന്‍ തയാറാകുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്.

കാലാവസ്ഥാവ്യതിയാനവും ലഡാക്കും

27ാമത് കാലവസ്ഥാ ഉച്ചക്കോടിയില്‍ പുറത്ത് വിട്ട് റിപ്പോര്‍ട്ടില്‍ പറയുന്നത് ഹിമാനികള്‍ ഉരുകുന്നത് വരും കാലങ്ങലില്‍ ഏഷ്യയെ ഗുരുതരമായി ബാധിക്കുമെന്നാണ്.10 നദി തീരങ്ങളെ ആശ്രയിച്ച് കഴിയുന്ന ജനതയക്ക് ജല ക്ഷാമം നേരിടേണ്ടി വന്നേക്കാം. ഏഷ്യയിലെ 1.3 ബില്യണ്‍ ജനങ്ങള്‍ക്ക് ജല ലഭ്യത ഉറപ്പാക്കുന്നത് ഹിമാലയന്‍ ഹിമാനികളാണ്. ഹിമാലയ സാനുക്കളിലെ മഞ്ഞുരുകല്‍ ഗംഗ, ബ്രഹ്‌മപുത്ര എന്നിവയെ അപേക്ഷിച്ച് സിന്ധു , അമു ദരിയ എന്നിവയിലെ മൊത്തം ജലത്തില്‍ ഗണ്യമായ വര്‍ദ്ധനവിന് കാരണമാകും. താപവര്‍ദ്ധനവ് കൂടുന്നതിനനുസരിച്ച് സിന്ധു, അമു ദരിയ എന്നിവയിലെ ജലത്തിന്റെ അളവ് ഗണ്യമായി കുറയും, ഇത് പാക്കിസ്ഥാന്റെയും അഫ്ഗാനിസ്ഥാന്റെയും ഭൂരിപക്ഷം പ്രദേശങ്ങളില്‍ 2040-50 ഓടെ ജല ലഭ്യത കുറക്കാനും  വരള്‍ച്ചക്കും കാരണമാകും. ഹിമാനികള്‍ ഉരുകുമ്പോള്‍, ഹിമാലയന്‍ മേഖലയിലെ ഹിമതടാകങ്ങളിലെ ജലത്തിന്റെ അളവ് വര്‍ദ്ധിക്കുകയും അവയുടെ സ്വാഭാവിക മണ്‍തിട്ടകള്‍ പൊട്ടിത്തെറിക്കുകയും ചെയ്യും. ഇത് ഹിമതടാക വിസ്ഫോടനം മൂലമുള്ള വെള്ളപ്പൊക്കത്തിന് കാരണമാകും. അതിന്റെ ആഘാതം 150 കിലോമീറ്റര്‍ താഴേക്ക് അനുഭവപ്പെടും. ഗ്രാമങ്ങളും വയലുകളും ഹിമതടാക വിസ്ഫോടന പാതയിലെ എല്ലാത്തിനെയും തകര്‍ത്തുകളയും. കാലാവസ്ഥാ വ്യതിയാനത്തോടെ, ഹിമാലയത്തില്‍ ഹിമതടാക വിസ്ഫോടനങ്ങളുടെ ആവൃത്തി വര്‍ദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്.

ആറാം ഷെഡ്യുള്‍ വഴിയുള്ള സംരക്ഷണം

2019 ഒക്ടോബര്‍ 31 ാടെ ആണ് ഇന്ത്യയില്‍ ജമ്മു കശ്മീര്‍ സംസ്ഥാനം ഇല്ലാതായി പകരം ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങള്‍ നിലവില്‍ വന്നത്. ഇതോടെ രാജ്യത്തെ സംസ്ഥാനങ്ങളുടെ എണ്ണം ഇരുപത്തിയെട്ടായി കുറഞ്ഞു. കേന്ദ്രഭരണ പ്രദേശങ്ങള്‍ ഒന്‍പതായി .ലഡാക്കിലെ 90 ശതമാനം ജനങ്ങളും ആദിവാസി ഗോത്ര വിഭാഗത്തില്‍ പെടുന്നവരാണ് എന്നിരിക്കെ  സാംസ്‌കാരികപരമായും വളെരയധികം പ്രത്യേകതകളുമുള്ള പ്രദേശമാണ്. രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളില്‍ ആദിവാസി മേഖലകളുടെ സംരക്ഷണം ഭരണഘടനയുടെ അഞ്ചാം ഷെഡ്യുളിന് കീഴിലാണ് വരുന്നത്. അസം, മേഘാലയ മിസോറാം, ത്രിപുര എന്നീ മൂന്ന് സംസ്ഥാനങ്ങല്‍മ ാത്രമാണ് 6ാം ഷെഡ്യുളില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. വടക്ക് കിഴക്കന്‍ മേഖല ഒഴികെ മറ്റ് പ്രദേശങ്ങള്‍ ഒന്നും 6-ാം ഷെഡ്യുളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. നാഗലാന്റ,് അരുണാചല്‍ പ്രദേശ് എന്നിവ പൂര്‍ണ്ണമായി ആദിവാസി ഗോത്ര ജനങ്ങള്‍ അധിവസിക്കുന്ന സംസ്ഥാനങ്ങളായിട്ട് പോലും 6ാം ഷെഡ്യുളില്‍ വന്നിട്ടില്ല. ഗോത്ര സംസ്‌കരങ്ങളും പ്രാചീന അറിവുകളും പാരമ്പര്യവും പ്രദേശത്തിന്റെ പൂര്‍ണ്ണ സംരക്ഷണവും ഉറപ്പാക്കുക എന്താണ് സോനം വാങ്ചുക്ക് ഉള്‍പ്പടെയുള്ളവരുടെ ആവശ്യം. ഭരണഘടനയിലെ ആറാം ഷെഡ്യുളില്‍ ഉള്‍പ്പെടുത്തി ലഡാക്കിനെ സംരക്ഷിക്കമാമെന്ന് നേരത്തെ ബിജെപി തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ഉറപ്പ് നല്‍കിയിരുന്നുവെങ്കിലും പിന്നീട് അതിന് വേണ്ടിയുള്ള ശ്രമങ്ങള്‍ ഒന്നും നടത്തിയിട്ടില്ല. ലഡാക്കിനെ 6ാം ഷെഡ്യുളില്‍ ഉള്‍പ്പെടുത്താന്‍ ഭരണഘടന ഭേദഗതി വേണ്ടി വരും. അങ്ങിനെ ചെയ്താല്‍ ആ സ്ഥാനത്തേക്ക് എത്തുന്ന ഏക കേന്ദ്ര ഭരണ പ്രദേശമാകും ലഡാക്ക്.

ആരാണ് സോനം വാങ്ചുക് ?

ആഗോളതാപനത്തിന്റെയും കാലാവസ്ഥ വ്യതിയാനത്തിന്റെയും  ഫലമായി ഏപ്രില്‍, മെയ് മാസങ്ങളില്‍ വരണ്ടുണങ്ങുന്ന ലഡാക്കിലെ കൃഷിഭൂമിക്ക് സോനം വാങ് ചുകിന്റെ ഐസ് സ്തൂപ എന്ന കണ്ടുപിടുത്തം പരിഹാരമായി. വിദ്യാലയങ്ങള്‍  ഇല്ലാത്തതിനാല്‍ വിദ്യാഭ്യാസം ലഭിക്കാതെ വീട്ടിലിരിക്കേണ്ടി വന്ന ലഡാക്കിലെ കുട്ടികള്‍ക്ക് അതിജീവനത്തിന്റെ പാഠങ്ങള്‍ പകര്‍ന്നു നല്‍കിയ എഡ്യുക്കേഷന്‍ റിഫോമിസ്റ്റ്.

എഞ്ചിനിയറും വിദ്യാഭ്യാസ പരിഷ്‌കര്‍ത്താവുമാണ് സോനം വാങ്ചുക്.സ്വന്തം ഗ്രാമത്തില്‍ വിദ്യാലയങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ ഒന്‍പത് വയസു വരെ സോനം വാങ്ചൂക് സ്‌കൂളില്‍ പോയിരുന്നില്ല. അമ്മയില്‍ നിന്ന് കേള്‍ക്കുന്ന കഥകളും ഗ്രാമത്തിലെ കാഴ്ചകളുമൊക്കെ പാഠങ്ങളാക്കി. ശ്രീനഗറിലെ വിദ്യാലയത്തില്‍ ചേര്‍ന്നെങ്കിലും കാഴ്ചയിലുള്ള വ്യത്യാസവും ഭാഷ മനസ്സിലാകത്തും സോലം വാങ്ചുങ്ഹിന മറ്റുള്ളവര്‍ മണ്ടനെന്ന് തെറ്റിദ്ധരിക്കാന്‍ ഇടയാക്കി. ഭാവിയില്‍ വിദ്യാഭ്യാസ പരിഷ്‌കര്‍ത്താവ് എന്ന നലിക്ക് മാതൃഭാഷയില്‍ പഠിക്കാനും മനസിലാക്കാനും കഴിഞ്ഞാല്‍ കൂടുതല്‍ ഗുണം ചെയ്യുമെന്ന് സോനം വാങ്ചൂക് മനസിലാക്കിയത് ഈ അനുഭവങ്ങളില്‍ നിന്നാണ്.ശ്രീനഗറിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയല്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയങ്ങില്‍ ബിരുദം നേടിയ സോനം വാങ്ചുക് ഫ്രാന്‍സില്‍ എര്‍ത്തേണ്‍ ആര്‍ക്കിടെക്ചറില്‍ ഹയര്‍ സ്റ്റഡീസും നടത്തിയിട്ടുണ്ട്. സോനം വാങ്ചുകും സഹോദരനും അഞ്ച് സഹപാഠികളും ചേര്‍ന്ന് സ്ഥാപിച്ച സ്റ്റുഡന്റസ് എഡ്യുകേഷണല്‍ ആന്റ്് കള്‍ചറല്‍ മൂവമെന്റ് ഓഫ് ലഡാക്ക് പരമ്പരാഗത വിദ്യാഭ്യസ രീതികള്‍ക്ക് പകരം പ്രായോഗിക അറിവുകള്‍ക്ക് പ്രാധാന്യം നല്‍കി കൊണ്ടുള്ളതാണ്. 1988 ല്‍ ലഡാക്കില്‍ സ്റ്റുഡന്റ്‌സ് എഡ്യൂക്കേഷന്‍ ആന്‍ഡ് കള്‍ച്ചറല്‍ മൂവ്മെന്റ് ഓഫ് ലഡാക്ക് എന്ന ക്യാമ്പസ് സ്ഥാപിച്ചാണ് സോനം വാങ്ചുക് ആദ്യം മാദ്ധ്യമശ്രദ്ധ നേടിയത്. കാമ്പസിലേക്കുള്ള വൈദ്യുതി സൗരോജ്ജത്തില്‍ നിന്ന് ലഭിക്കുന്ന തരത്തിലുള്ള സാങ്കേതിക വിദ്യയും അദ്ദേഹം ആവിഷ്‌കരിച്ചിരുന്നു. ഇതേ പാതയില്‍ തന്നെയുള്ള ഹിമാലയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആശ്ട്ടര്‍നേറ്റീവ്‌സ് ലഡാക്കിന്റെ ഡയറക്ടറുമാണ് സോനം വാങ്ചുക്. ലഡാക്കിലെ അതിശൈത്യത്തെ പ്രതിരോധിക്കാന്‍ നിരവധി നൂതനാശയങ്ങളും അദ്ദേഹത്തിന്റെ സംഭാവനകളില്‍പ്പെടുന്നു.അതിര്‍ത്തി സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ചൈനീസ് ഉത്പന്നങ്ങളുടെ ബഹിഷ്‌കരണം ആവശ്യപ്പെട്ട  വാങ്ചുക് വാര്‍ത്തകളിലിടം പിടിച്ചിട്ടുണ്ട്.  സാമൂഹിക മാദ്ധ്യമങ്ങളില്‍ ഇത് വൈറലായതോടെ നടനും പ്രശസ്ത മോഡലുമായ മിലിന്ദ് സോമന്‍ തന്റെ ടിക് ടോക് അക്കൗണ്ട് ഉപേക്ഷിച്ചിരുന്നു. പിന്നീടാണ് ടിക് ടോക്ക് ഇന്ത്യയില്‍ നിരോധിച്ചത്.

മഡ് ഹൗസ് ഉള്‍പ്പെടെ ലഡാക്കിലെ കാലാവസ്ഥയ്ക്കും ഭൂപ്രകൃതിക്കും അനുയോജ്യമായ നിരവധി പദ്ധതികള്‍ സോനം വാങ്ചുകിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്നു.തണുത്തുറയുന്ന അന്തരീക്ഷത്തില്‍ കൃത്രിമമായ മഞ്ഞുമലകള്‍ ഒരുക്കി വെള്ളം ശേഖരിച്ചു നിര്‍ത്തുന്ന ഐസ് സ്തൂപ എന്ന കണ്ടുപിടിത്തമാണ് സോനം വാങ്ചുക്കിനെ  ശ്രദ്ധേയനാക്കുന്നത്. ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് ഭൂമിശാസ്ത്രപരമായി ഏറെ വ്യത്യാസങ്ങളുളള ലഡാക്കില്‍ വ്യത്യസ്തമായ വീക്ഷണവും പ്രായോഗികതയുമാണ് അനിവാര്യമെന്ന തിരിച്ചറിവാണ് ഐസ് സ്തുപയിലേക്ക്  സോനം വാങ്ചൂക്കിനെ നയിച്ചത്. ഉയരമുളള പ്രദേശത്തെ നീരൊഴുക്കില്‍ നിന്നും പൈപ്പ് വഴി വെള്ളം താഴേക്ക് എത്തിക്കുന്നു. മുകളിലേക്ക് സ്്രേപ ചെയ്യുന്ന വെളളം താഴെയെത്തുമ്പോഴേക്കും ലഡാക്കിലെ മൈനസ് 20 ഡിഗ്രി തണുപ്പില്‍ തണുത്തുറഞ്ഞിരിക്കും. തുടര്‍ച്ചയായി ഇത്തരത്തില്‍ വെളളം പമ്പ് ചെയ്ത് കോണ്‍ ആകൃതിയിലുളള ഒരു കൃത്രിമ മഞ്ഞുമല ഒരുക്കുന്നു. കോണ്‍ ആകൃതിയിലാതിനാല്‍ ആയതിനാല്‍ സൂര്യതാപം അധികം തട്ടി മഞ്ഞ് ഉരുകില്ല. വേനല്‍ക്കാലത്ത് ഈ മഞ്ഞുമലയില്‍ നിന്നുളള വെളളമാണ് കൃഷിക്കും മറ്റും ഉപയോഗിക്കുന്നത്.

ലഡാക്കില്‍ അതിശൈത്യമുള്ള സിയാച്ചിന്‍, ഗാല്‍വന്‍ താഴ് വരപ്രദേശങ്ങളില്‍ തങ്ങുന്ന സൈനികര്‍ക്കായി സൗരോജ്ജത്തില്‍ നിന്ന് ചൂട് പകരുന്ന ടെന്റുകളും അദ്ദേഹം രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. ജൈവ ഇന്ധനം ഉപയോഗിക്കാതെ സൈനികര്‍ തങ്ങുന്ന തമ്പുകള്‍ക്കാവശ്യമായ താപം പകരാന്‍ സൗരോര്‍ജ്ജം ഉപയോഗിക്കാവുന്ന വിധത്തിലാണ് രൂപകല്‍പന. ഭാരക്കുറവുള്ള ടെന്റുകള്‍ അഴിച്ചുമാറ്റാനും മറ്റൊരിടത്തേക്ക് മാറ്റാനും എളുപ്പമാണ്. സൈനികര്‍ക്കായുള്ള ലോകത്തിലെ ആദ്യത്തെ സൗരോര്‍ജ്ജ ടെന്റുകളാണിത്. സാമ്പത്തികലാഭം മാത്രമല്ല മലിനീകരണം കുറയ്ക്കാനും ഇത്തരം തമ്പുകള്‍ സഹായിക്കും. സൈനികര്‍ക്ക് തണുപ്പേല്‍ക്കാതെ ചൂടുള്ള സാഹചര്യത്തില്‍ കിടന്നുറങ്ങുകയും ചെയ്യാം. ടെന്റിലുപയോഗിക്കുന്ന ഇന്‍സുലേറ്ററുകളുടെ എണ്ണം കൂട്ടിയോ കുറച്ചോ താപനില ക്രമീകരിക്കുകയുമാവാം. മൈനസ് പതിനാല് ഡിഗ്രി സെല്‍ഷ്യസ് അന്തരീക്ഷ താപനിലയുള്ളപ്പോള്‍ തമ്പിനകത്ത് പതിനഞ്ച് ഡിഗ്രി സെഷ്യല്‍സ് വരെ താപനില നിലനിര്‍ത്താന്‍ സാധിക്കുമെന്ന് പ്രത്യേകതയുമുണ്ട്.

സോനം വാങ്ചുക്കില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ്  കൊസക്സി പസപുഗള്‍ അല്ലെങ്കില്‍ ഫുന്‍സുക് വാങ്ഡു എന്ന 3 ഇഡിയറ്റസിലെ ആമിര്‍ ഖാന്‍ കഥാപാത്രം പിറക്കുന്നത്.   സാമ്പ്രദായിക വിദ്യാഭ്യാസരീതിയോട് താത്പര്യമില്ലാതെ, അധ്യാപകരുടെ നോട്ടപ്പുള്ളിയായി, പരീക്ഷാഫലം വരുന്ന ദിവസം സുഹൃത്തുകളോടും സഹപാഠികളോടും യാത്ര പോലും പറയാതെ മുങ്ങി പിന്നീട് ലോകപ്രശസ്ത ശാസ്ത്രജ്ഞനായി മാറുന്ന നായകന്‍. സിനിമയുടെ കഥാതന്തു ഉണ്ടായത് ചേതന്‍ ഭഗത്തിന്റെ ‘ഫൈവ് പോയിന്റ് സംവണ്‍: വാട്ട് നോട്ട് ടു ഡുഅറ്റ് ഐഐടി’ എന്ന പുസ്തകത്തില്‍ നിന്നായിരുന്നു.

വിദ്യാഭ്യാസ പരിഷ്‌കരണത്തിനായുളള ജമ്മു കശ്മീരിന്റെ സംസ്ഥാനതല സമിതികളിലും കേന്ദ്ര സര്‍ക്കാരിന് കീഴിലുളള നാഷണല്‍ ഗവേണിങ് കൗണ്‍സില്‍ ഫോര്‍ എലമെന്ററി എഡ്യുക്കേഷന്‍ അംഗമായും സോനം വാങ്ചൂക് സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഏഷ്യയുടെ നൊബേല്‍ പ്രൈസ് എന്നറിയപ്പെടുന്ന രമണ്‍ മാഗ്‌സസെ അവാര്‍ഡ് 2019ലാണ് സോനം വാങ്ചുക്കിനെ തേടിയെത്തുന്നത്.