Sun. Dec 22nd, 2024

 

ഭക്ഷ്യ വിഷബാധയും അതേതുടര്‍ന്നുള്ള മരണങ്ങളും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളും നിരന്തരം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന അവസ്ഥയിലാണ് കേരളമിപ്പോള്‍. വാര്‍ത്തകളും പരാതികളും ഉണ്ടാകുമ്പോള്‍ മാത്രം ‘ഉണര്‍ന്നു പ്രവര്‍ത്തിക്കുന്ന’ ഭക്ഷ്യസുരക്ഷാ വകുപ്പും ആരോഗ്യ വകുപ്പുമാണ് സംസ്ഥാനത്തുള്ളത്. ഭക്ഷ്യ സുരക്ഷാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സകല ഡിപ്പാര്‍ട്ട്‌മെന്റുകളുടെയും കെടുകാര്യസ്ഥത വീടിന് പുറത്തിറങ്ങി ഭക്ഷണം കഴിക്കാനാകാത്ത അവസ്ഥയിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിച്ചിട്ടുണ്ട്. പഴകിയ, ചീഞ്ഞ ഇറച്ചികള്‍ കൊണ്ടുണ്ടാക്കുന്ന ഭക്ഷണങ്ങള്‍ സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ വില്‍ക്കുന്നുവെന്ന് വ്യക്തമായിട്ടും നടപടികള്‍ സ്വീകരിക്കാതെ ഭക്ഷ്യസുരക്ഷാ വകുപ്പ് മരണങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണ്.

 

കഴിഞ്ഞ ദിവസം കൊച്ചിയില്‍ നിന്നും പിടിച്ച 500 കിലോ കോഴിയിറച്ചിയും ഇത്തരത്തില്‍പ്പെട്ടതാണ്. സുനാമി ഇറച്ചിയെന്ന് വിളിക്കുന്ന ഇവ മരണത്തിന് വരെ കാരണമാക്കുന്നവയാണ്. ഷവര്‍മ, ചിക്കന്റോള്‍, പഫ്സ്, കട്‌ലെറ്റ്, അല്‍ഫാം, ഷവായ്, ബര്‍ഗര്‍, സാന്‍ഡ് വിച്ച് തുടങ്ങിയവ ഫാസ്റ്റ് ഫുഡ് നിര്‍മ്മിക്കാന്‍ വേണ്ടിയാണ് ഇത്തരം സുനാമി ഇറച്ചികള്‍ ഉപയോഗിക്കുന്നത്. ഫാമുകളില്‍ വെച്ച് ചത്തതും അസുഖം വന്നതും വൈകല്യങ്ങളുള്ളതുമായ കോഴികളെയാണ് ഫ്രീസ് ചെയ്ത് എത്തിക്കുന്നതെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ ജോലി ചെയ്യുന്ന ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുനില്‍ താഹ വോക്ക് മലയാളത്തോട് പറഞ്ഞു.

കളമശ്ശേരി കൈപ്പടമുകളിലെ വീട് കേന്ദ്രീകരിച്ച് ഹോട്ടലുകളിലേക്ക് വിതരണം ചെയ്യാനിരുന്ന 500 കിലോ പഴകിയ ഇറച്ചിയുടെ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല. മലപ്പുറം സ്വദേശി ജുനൈസ് എന്ന വ്യക്തിയുടെ ഉടമസ്ഥതയിലാണ് ഇറച്ചി സൂക്ഷിച്ചിരുന്ന വീടുള്ളത്. ഇയാളെയും ഇതുവരെ കണ്ടെത്താന്‍ ആയിട്ടില്ലെന്ന് സുനില്‍ താഹ പറഞ്ഞു. കഴിഞ്ഞ ആറു മാസമായി ഈ വീട് കേന്ദ്രീകരിച്ച് പഴകിയ ഇറച്ചി വില്‍പ്പന നടത്തുന്നുണ്ട്. വീട്ടുമുറ്റത്തും തെങ്ങിന്‍ചുവട്ടിലുമായി സൂക്ഷിച്ചിരുന്ന ഫ്രീസറുകളില്‍ നിന്നാണ് ഇറച്ചി കണ്ടെത്തിയത്. വീട്ടില്‍ നിന്ന് വന്‍ ദുര്‍ഗന്ധം വമിച്ചതോടെ പരിസരവാസികള്‍ ബുധനാഴ്ച വൈകുന്നേരത്തോടെ നഗരസഭയില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്നാണ് കളമശ്ശേരി നഗരസഭയിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ ഇവിടെ പരിശോധന നടത്തിയത്.

‘ആറു മാസമായി ഈ വീട് കേന്ദ്രീകരിച്ച് ഹോട്ടല്‍ തൊഴിലാളികള്‍ താമസിക്കുന്നുണ്ട്. പല തവണ ഈ വീട്ടില്‍ നിന്നും ദുര്‍ഗന്ധം വരുന്നുണ്ടെന്ന് പരിസര വാസികള്‍ അവരോട് തന്നെ പറയുന്നുണ്ടായിരുന്നു. എന്നാല്‍ പരാതിയുമായി ആരും മുന്നോട്ടു പോയില്ല. അവര്‍ തന്നെ പറഞ്ഞു തീര്‍ക്കാന്‍ ശ്രമിച്ചു. രൂക്ഷ ഗന്ധം വമിച്ചതോടെയാണ് അയല്‍വാസികള്‍ ഞങ്ങളെ വിളിക്കുന്നത്. അവിടെ എത്തിയപ്പോഴാണ് സംഭവത്തിന്റെ വ്യാപ്തി ഞങ്ങള്‍ക്ക് മനസ്സിലാവുന്നത്. 500 കിലോ ഫ്രോസണ്‍ കോഴി ഉണ്ടായിരുന്നു. ഇതര സംസ്ഥാനത്ത് നിന്നും വന്ന കോഴിയാണ്. വൃത്തിഹീനമായ ചുറ്റുപാടിലാണ് ഇറച്ചി സൂക്ഷിച്ചിരുന്നത്. മാസങ്ങള്‍ പഴക്കമുള്ള ഇറച്ചിയാണ് പിടിച്ചെടുത്തത്. ഇറച്ചി ഇന്നലെ തന്നെ നശിപ്പിച്ചു. ഇറച്ചിയുടെ കാലപ്പഴക്കം അറിയാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.’, സുനില്‍ താഹ വോക്ക് മലയാളത്തോട് പറഞ്ഞു.

ശീതീകരണ സംവിധാനമില്ലാത്ത തെര്‍മോക്കോള്‍ ബോക്സുകളിലാണ് കേരളത്തിലേക്ക് ഇത്തരം ഇറച്ചി കടത്തുന്നത്. ‘പൂനെ മുതല്‍ ഇങ്ങോട്ടുള്ള സ്ഥലങ്ങളില്‍ ഇറച്ചി ഫാമുകള്‍ വളരെ അധികം ഉണ്ട്. അവര്‍ പ്രധാനമായും ലക്ഷ്യമാക്കുന്ന വിപണി കേരളം ആണ്. കേരളത്തിലേയ്ക്ക് കൊണ്ട് വരുന്നതിനിടെ കോഴികളില്‍ ചെറിയൊരു ശതമാനം ചത്തുപോകും. അത് തിരിച്ചു ഫാമില്‍ എത്തിക്കണം എന്നാണ് നിയമം. എന്നാല്‍ പല സപ്ലൈമാരും ചെയ്യുന്നത് ഈ കോഴികളെ എവിടെയെങ്കിലും കളയും, ഇല്ലെങ്കില്‍ ചെറിയ പൈസയ്ക്ക് ഹോട്ടലുകാര്‍ക്ക് വില്‍ക്കും. സ്റ്റാര്‍ ഹോട്ടലുകള്‍ മുതല്‍ തട്ടുകട വരെ ഇത്തരത്തില്‍ ഭക്ഷണകാര്യത്തില്‍ വീഴ്ചകള്‍ വരുത്തുന്നുണ്ട്. നമ്മുക്ക് മനസ്സിലാക്കാന്‍ കഴിയില്ല എവിടെയാണ് പ്രശ്‌നങ്ങള്‍ സംഭവിക്കുന്നത് എന്ന്. മീന്‍ കൊണ്ടുവരുമ്പോള്‍ തന്നെ ചീഞ്ഞ ഭാഗങ്ങള്‍ കളഞ്ഞ് ചീയാത്ത ഭാഗങ്ങള്‍ എടുക്കും. കഷ്ണങ്ങള്‍ ആക്കിയാണ് മീന്‍ കൊണ്ടുവരുന്നതെങ്കില്‍ ചീഞ്ഞതാണോ അല്ലയോ എന്ന് കണ്ടുപിടിക്കാനും കഴിയില്ല.’, സുനില്‍ താഹ കൂട്ടിച്ചേര്‍ത്തു.

പഴകിയ മാംസത്തില്‍ രൂപപ്പെടുന്ന ഇ.കോളി, സാല്‍മോണെല്ല, ലിസ്റ്റീരിയ, സ്റ്റഫയിലോ കോക്കസ്, ക്ലോസ്ട്രിഡിയം, ക്യാമ്പയിലോബാക്ടര്‍ പോലുള്ള ബാക്ടീരിയകള്‍ അത്യന്തം അപകടകാരികളാണ്. പഴകിയ മാംസം കറി വച്ചാല്‍ രുചിവ്യത്യാസം അറിയാന്‍ കഴിയും. എന്നാല്‍ ഷവര്‍മ, കട്‌ലറ്റ്, ബര്‍ഗര്‍ പോലെയുള്ളവയുടെ രുചിയില്‍ വലിയ മാറ്റമുണ്ടാകില്ല. ഇതാണ് സുനാമി ഇറച്ചികള്‍ക്ക് ആവശ്യക്കാര്‍ വര്‍ദ്ധിക്കാന്‍ കാരണം.

ജനങ്ങളെ സംബന്ധിച്ചിടത്തോളം അതിപ്രധാനമാണ് ഭക്ഷ്യസുരക്ഷ. ഇന്ന് ഒട്ടുമുക്കാല്‍ ജനങ്ങളും ഹോട്ടലുകളെ ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി ആശ്രയിക്കുന്നുണ്ട്. ഹോട്ടലുകളിലും തട്ടുകടകളിലും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളും ശുചിത്വവും പാലിക്കുന്നുവെന്ന് സ്വയം വിശ്വാസം വരുത്തിയാണ് ഓരോരുത്തരും ഭക്ഷണം വാങ്ങി കഴിക്കുന്നത്. ചെലവാക്കുന്ന പണത്തിനു മൂല്യമുള്ള ഭക്ഷണമല്ല ഉപയോക്താവിന് ലഭിക്കുന്നതെങ്കില്‍ അത് ഉറപ്പുവരുത്തേണ്ടത് സര്‍ക്കാരാണ്. എന്നാല്‍ ഭക്ഷ്യസുരക്ഷാ മേഖലയില്‍ സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണെന്നാണ് അടിക്കടി ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍ സൂചിപ്പിക്കുന്നത്.

ഭക്ഷ്യസുരക്ഷാ സൂചികയില്‍ കേരളത്തിന്റെ ഗ്രാഫ് താഴെക്കാണ്. തമിഴ്നാടിനും ഗുജറാത്തിനും മഹാരാഷ്ട്രക്കും ഹിമാചല്‍ പ്രദേശിനും പശ്ചിമ ബംഗാളിനും മധ്യപ്രദേശിനും പിറകെ ഏഴാം സ്ഥാനത്താണ് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) യുടെ 2021-22ലെ സംസ്ഥാന ഭക്ഷ്യസുരക്ഷാ സൂചികാ പട്ടികയില്‍ കേരളത്തിന്റെ സ്ഥാനം. 2019-20 വര്‍ഷത്തില്‍ 75 പോയിന്റിലേറെ നേടി ഒന്നാം സ്ഥാനത്തും 2020-21 വര്‍ഷത്തില്‍ രണ്ടാം സ്ഥാനത്തുമായിരുന്നു കേരളം. മികച്ച ഭരണനിര്‍വഹണം, സുസ്ഥിര വികസനം, ആരോഗ്യ സുരക്ഷ തുടങ്ങിയ കാര്യങ്ങളിലെല്ലാം മറ്റു സംസ്ഥാനങ്ങളേക്കാള്‍ മികച്ചു നില്‍ക്കുകയും സൂചികാ പട്ടികകളില്‍ പ്രഥമ സ്ഥാനം നിലനിര്‍ത്തുകയും ചെയ്യുന്ന കേരളം എന്തുകൊണ്ടാണ് ഭക്ഷ്യസുരക്ഷാ സൂചികയില്‍ പിന്തള്ളപ്പെടുന്നതെന്ന് സര്‍ക്കാര്‍ സ്വയം പരിശോധന നടത്തേണ്ടതുണ്ട്.

കഴിഞ്ഞ ഓഗസ്റ്റ് വരെയുള്ള അഞ്ചു വര്‍ഷത്തെ കണക്കുപ്രകാരം പരിശോധനകള്‍ക്കായി കേരളം 4.24 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്. അഞ്ചു ജില്ലകളില്‍ മാത്രമാണ് പരിശോധനാ ലാബുകളുള്ളത്. 9 ജില്ലകളില്‍ കൂടി ലാബുകള്‍ സ്ഥാപിക്കാനുളള തീരുമാനം കടലാസിലാണ്. കേരളത്തിലെ ഒരു ലാബിനും എന്‍എബിഎല്‍ അക്രഡിറ്റേഷനില്ല. പിടിച്ചെടുക്കുന്ന സാംപിളുകള്‍ അക്രഡിറ്റേഷനുളള ലാബുകളില്‍ പരിശോധിച്ചാല്‍ മാത്രമേ കോടതികള്‍ അംഗീകരിക്കൂ. പ്രാദേശിക തലത്തില്‍ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി പഞ്ചായത്തുകള്‍ക്ക് തങ്ങളുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ നിയമനത്തിന് അനുമതി നല്‍കണമെന്ന് ഐഎംഎ ശുപാര്‍ശ ചെയ്തിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട്, കൂത്തുപറമ്പ് എന്നിവിടങ്ങളില്‍ ഭക്ഷ്യ ഉല്‍പന്നങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്ന ലാബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും എല്ലാ ജില്ലകളിലും സേവനം ലഭ്യമാക്കണമെന്നാണ് ആവശ്യം. ബാക്ടീരിയ അധിഷ്ഠിത വിഷബാധകള്‍ക്ക് മൈക്രോ ബയോളജിസ്റ്റുകളുടെ സേവനവും വേണ്ടിവരും.

ആവശ്യത്തിനു ഉദ്യോഗസ്ഥരില്ലാത്തതും വകുപ്പ് നേരിടുന്ന പ്രശ്‌നങ്ങളില്‍ ഒന്നാണ്. ഭക്ഷണം ഉണ്ടാക്കുകയും വില്‍ക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന കേരളത്തിലെ 12 ലക്ഷത്തോളം സ്ഥാപനങ്ങളില്‍ ആറു ലക്ഷം സ്ഥാപനങ്ങളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ ഭക്ഷ്യസുരക്ഷ ലൈസന്‍സ് 40000 ല്‍ താഴെ എണ്ണത്തിന് മാത്രമാണ്. ആറു ലക്ഷം സ്ഥാപനങ്ങള്‍ പരിശോധിക്കാന്‍ ഫീല്‍ഡില്‍ ആകെയുള്ളത് 140 ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാര്‍ മാത്രം. നിലവിലെ ഉദ്യോഗസ്ഥര്‍ക്ക് കൈകാര്യം ചെയ്യുന്നതിന്റെ ഇരട്ടി ജോലിയാണുള്ളത്. നഗര മേഖലയില്‍ ഒരു ഫുഡ് സേഫ്റ്റി ഓഫിസര്‍ക്ക് 10,000 സ്ഥാപനങ്ങളിലെങ്കിലും പരിശോധന നടത്തേണ്ടിവരുന്നു. ഗ്രാമീണ മേഖലയില്‍ ഒരാള്‍ക്ക് 12 പഞ്ചായത്തുകളുടെയെങ്കിലും ചുമതലയുണ്ട്.

അരിക്കെന്ന പോലെ പച്ചക്കറികള്‍ക്കും ഇറച്ചിക്കും എല്ലാം കേരളീയര്‍ ആശ്രയിക്കുന്നത് ഇതര സംസ്ഥാനങ്ങളെയാണ്. എന്നാല്‍ ഇതിനൊക്കെ എത്രത്തോളം ഗുണമേന്മയുണ്ട് എന്നുള്ള പരിശോധനകള്‍ നടക്കുന്നില്ല. ചെക്ക് പോസ്റ്റ് വഴിയും ട്രെയിന്‍ മാര്‍ഗവും എത്തുന്ന കോഴി, ആട്, മാട്, പച്ചക്കറികള്‍ തുടങ്ങിയവ കേരളത്തിന്റെ അതിര്‍ത്തി കടക്കുന്നതിനു മുമ്പേ പരിശോധിക്കാനുള്ള സംവിധാനങ്ങള്‍ ഉണ്ടാവണം. കൂടാതെ തട്ടുകട മുതല്‍ സ്റ്റാര്‍ ഹോട്ടലുകളില്‍ വരെ ഭക്ഷ്യ സുരക്ഷാ വകുപ്പ് നിരന്തരമായ പരിശോധനകള്‍ നടത്തുകയും നിയമ നടപടികള്‍ കര്‍ശനമാക്കുകയും വേണം. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളും ശുചിത്വവും പാലിക്കുന്നുവെന്ന് വകുപ്പ് ഉറപ്പുവരുത്തണം. ജനങ്ങളുടെ ആരോഗ്യവും ജീവനും തകരാറിലാക്കാതെ ബന്ധപ്പെട്ട വകുപ്പും ഉദ്യോഗസ്ഥരും ഇനിയെങ്കിലും ശക്തമായ നടപടികളിലേയ്ക്ക് നീങ്ങണം.

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.