വയനാട്ടില്‍ കടുവയിറങ്ങി. കടുവ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തില്‍ വയനാട്ടിലെ തൊണ്ടര്‍നാട്, തവിഞ്ഞാല്‍ പഞ്ചായത്തിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. മാനന്തവാടി താലൂക്കില്‍ യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. രാത്രി സമയങ്ങളില്‍ അനാവശ്യമായി വീടിന് പുറത്തിറങ്ങരുതെന്നും നിര്‍ദ്ദേശമുണ്ട്.
കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റ വെള്ളാരംകുന്ന് സ്വദേശി തോമസ് മരിച്ചതിൽ പ്രതിഷേധിച്ച് പുതുശ്ശേരി വെള്ളാരം കുന്നില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. മരിച്ച തോമസിന്റെ കുടുംബത്തിലൊരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്നാണ് യുഡിഎഫ് ഉയര്‍ത്തുന്ന ആവശ്യം. അതേസമയം കടുവയെ പിടികൂടാൻ വനം വകുപ്പ് ശ്രമം തുടരുകയാണ്. കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച പ്രദേശത്ത് കൂട് സ്ഥാപിച്ചു. വിവിധയിടങ്ങളിലായി നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. കടുവ കൂട്ടിൽ കുടുങ്ങിയില്ലെങ്കിൽ മയക്കുവെടിവച്ച് പിടികൂടിയേക്കും.