Sat. Apr 27th, 2024

ബഫര്‍ സോണ്‍ വിധിയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. വിധിയില്‍ ഭേദഗതി ആവശ്യപ്പെട്ടും വ്യക്തത തേടിയും കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിക്കുക. ഹര്‍ജിയില്‍ കക്ഷി ചേരാന്‍ സംസ്ഥാനവും അപേക്ഷ നല്‍കിയിട്ടുണ്ട്. ഹര്‍ജിയില്‍ കക്ഷി ചേര്‍ന്ന കേരളം പ്രതീക്ഷയിലാണ്. സുപ്രീം കോടതിയുടെ കഴിഞ്ഞ വര്‍ഷം ജൂണ്‍ മൂന്നിലെ വിധിയില്‍ ഇളവു തേടിയാണ് ഹര്‍ജി.

വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയോദ്യാനങ്ങള്‍ക്കും ചുറ്റും ഒരു കിലോമീറ്റര്‍ വീതിയില്‍ ബഫര്‍ സോണ്‍ വേണമെന്ന വിധിയിലാണ് കേന്ദ്രവും കേരളവും ഇളവ് ആവശ്യപ്പെടുന്നത്. ജനസംഖ്യയുടെ ആധിക്യവും സ്ഥലലഭ്യതയുടെ കുറവും കാരണം ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ കഴിയില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ അപേക്ഷയില്‍ വ്യക്തമാക്കിയത്. മുതിര്‍ന്ന അഭിഭാഷകരുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രത്തിന്റെ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ കേരളം അപേക്ഷ നല്‍കിയത്.

സംസ്ഥാനത്തെ 17 വന്യജീവി സങ്കേതങ്ങള്‍, 6 ദേശീയോദ്യാനങ്ങള്‍ എന്നിവയ്ക്കുള്ള ബഫര്‍ സോണ്‍ സംബന്ധിച്ച രൂപരേഖ കേന്ദ്രസര്‍ക്കാരിനു നല്‍കിക്കഴിഞ്ഞതായും, വിധി നടപ്പാക്കിയാല്‍ മംഗളവനം പക്ഷിസങ്കേതത്തിന്റെ 200 മീറ്റര്‍ മാത്രം അകലെയുള്ള കേരള ഹൈക്കോടതിയെ ഉള്‍പ്പെടെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിച്ച് കൊണ്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനങ്ങളില്‍ ഉള്‍പ്പെടുന്ന മേഖലകളെ ബഫര്‍ സോണ്‍ വിധിയുടെ പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്നതാണ് കേന്ദ്രത്തിന്റെ ആവശ്യം. കേന്ദ്രം കരട് വിജ്ഞാപനം ഇറക്കിയ കേരളത്തിലെ 22 സംരക്ഷിത മേഖലകള്‍ക്ക് ഇളവ് നല്‍കണമെന്ന് കേരളവും ആവശ്യപ്പെടുന്നു. ജസ്റ്റിസ് ബി.ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ച് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ഹര്‍ജി പരിഗണിക്കുക.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.