Sat. Apr 27th, 2024

എ ആർ റഹ്മാന് ശേഷം ഗോൾഡൻ ഗ്ലോബ് വീണ്ടും ഇന്ത്യയിലെത്തിച്ച് ആർആർആർ. ഗോൾഡൻ ഗ്ലോബ് ഒറിജിനൽ സോങ് വിഭാഗത്തിലാണ് പുരസ്കാരം ലഭിച്ചിരിക്കുന്നത്. രാജമൌലി ചിത്രത്തിൽ എം എം കീരവാണിയും മകൻ കാലഭൈരവയും ചേർന്ന് സംഗീതം നിർവഹിച്ച നാട്ടു നാട്ടു എന്ന പാട്ടിനാണ് പുരസ്കാരം. കടുത്ത മത്സരത്തിനൊടുവിലാണ് ദക്ഷിണേന്ത്യൻ ചിത്രമായ ആർആർആർ പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടത്. റിഹാന, ലേഡിഗാഗ , ടെയ്ലർ സ്വിഫ്റ്റ് എന്നിവർക്കൊപ്പമാണ് കീരവാണിയുടെ ഹിറ്റ് ഗാനവും മത്സരിച്ചത്. എആർ റഹ്മാൻ പുരസ്കാരം നേടി 14 വർഷങ്ങൾക്ക് ശേഷമാണ് ഗോൾഡൻ ഗ്ലോബ് ഇന്ത്യയിലെത്തുന്നതെന്നതും ഇരട്ടിമധുരമാകുന്നു. രാം ചരണ്‍, ജൂനിയര്‍ എന്‍ടിആര്‍, ആലിയ ഭട്ട് തുടങ്ങിയവര്‍ അണിനിരന്ന ചിത്രം അന്താരാഷ്ട്ര വേദികളില്‍ ഏറെ ശ്രദ്ധനേടിയിരുന്നു. 

ദേവരാഗം അടക്കം മലയാളത്തിലും ഹിറ്റ് ഈണങ്ങൾ ഒരുക്കിയ, തല മുതിർന്ന സംഗീതജ്ഞനുള്ള അംഗീകാരം തെന്നിന്ത്യക്കാകെ അഭിമാനമാവുകയാണ്. മസാലപ്പടങ്ങളും ഡപ്പാം കൂത്തു പാട്ടും എന്ന പതിവ് ബ്രാൻഡിൽ നിന്നും തെലുങ്ക് സിനിമയയെ പാൻ ഇന്ത്യൻ തലത്തിലേക്ക് ഉയർത്തുന്നതിൽ എസ്എസ് രാജമൗലിയും അമ്മാവൻ കീരവാണിയും ചെലുത്തിയ പങ്ക് വലുതാണ്.

മികച്ച നോൺ-ഇംഗ്ലീഷ് ഭാഷ ചിത്രത്തിനുള്ള ഗോൾഡൻ ഗ്ലോബ് നോമിനേഷനിലും ആർആർആറിന് ഇടം പിടിച്ചിട്ടുണ്ട്.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.