സ്വവര്‍ഗ വിവാഹത്തിന് നിയമപരമായ അംഗീകാരവും പൗരന്മാര്‍ക്ക് തുല്യാവകാശവും ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തെ പിന്തുണച്ച് ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത്. എല്‍ജിബിടിക്യു സമൂഹവും ട്രാന്‍സ്ജെന്‍ഡേഴ്‌സും മനുഷ്യരാണെന്നും മറ്റുള്ളവരെപ്പോലെ ജീവിക്കാന്‍ അവര്‍ക്കും അവകാശമുണ്ടെന്നു മോഹന്‍ ഭാഗവത് പറഞ്ഞു. ഹിന്ദു സമൂഹം ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തെ പ്രശനക്കാരായി കാണുന്നില്ലെന്നും എല്‍ജിബിടിക്യു ആളുകള്‍ക്ക് അവരുടേതായ സ്വകാര്യ, സാമൂഹിക ഇടങ്ങളും ഉണ്ടായിരിക്കണമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.
ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറിനു നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ ഭാഗവത് എല്‍ജിബിടിക്യു കമ്മ്യൂണിറ്റിയോടുള്ള നിലപാടിനെ കുറിച്ച് സംസാരിച്ചത്.
‘എല്‍ജിബിടി, ട്രാന്‍സ്ജെന്‍ഡര്‍ പ്രശ്നം പുതിയതല്ല. അവര്‍ എല്ലായിപ്പോഴും ഇവിടെതന്നെയുണ്ട്. ഇത്തരക്കാര്‍ക്കും ജീവിക്കാനുള്ള അവകാശമുണ്ട്. അവര്‍ക്ക് സാമൂഹിക സ്വീകാര്യത നല്‍കാന്‍ മനുഷ്യത്വപരമായ സമീപനത്തോടെയുള്ള ഒരു മാര്‍ഗം ഞങ്ങള്‍ കണ്ടെത്തിയിരുന്നു. ജീവിക്കാനുള്ള എല്ലാ അവകാശവും അവര്‍ക്കുണ്ട്. അത് ആര്‍ക്കും നിഷേധിക്കാനാകില്ല.’, മോഹന്‍ ഭാഗവത് പറഞ്ഞു.
മഹാഭാരത്തിലെ ജരാസന്ധന്‍ രാജാവിന്റെ സേനാനികളായ ഹന്‍സിന്റെയും ദിംബകന്റെയും കഥ പറഞ്ഞുകൊണ്ടാണ് സ്വവര്‍ഗാനുരാഗത്തോടുള്ള ആര്‍എസ്എസ് നിലപാടിനെ കുറിച്ച് മോഹന്‍ ഭാഗവത് സംസാരിച്ചത്. ‘ദിംബക മരിച്ചെന്ന അഭ്യൂഹം കൃഷ്ണന്‍ പ്രചരിപ്പിച്ചപ്പോള്‍ അത് കേട്ട ഹന്‍സ് സ്വയം ജീവനൊടുക്കി. അങ്ങനെയാണ് ജരാസന്ധന്റെ സേനാനികളെ കൃഷ്ണന്‍ ഒഴിവാക്കിയത്. എന്താണ് ഈ കഥ സൂചിപ്പിക്കുന്നത് എന്ന് ചിന്തിച്ചു നോക്കൂ, ആ രണ്ട് സേനാനികളും തമ്മില്‍ എന്തോ ബന്ധമുണ്ടായിരുന്നു എന്നല്ലേ. ഇങ്ങനെയുള്ളവര്‍ നമ്മുടെ രാജ്യത്ത് എക്കാലവും ഉണ്ടായിരുന്നു.’, മോഹന്‍ ഭാഗവത് കൂട്ടിച്ചേര്‍ത്തു.
‘മനുഷ്യനുണ്ടായ കാലം മുതല്‍ക്കെ ഇത്തരം പ്രവണതകളുള്ളവരും ഉണ്ടായിട്ടുണ്ട്. അത് ജൈവികമാണ്. ജീവിത രീതിയാണ്. ഞാനൊരു മൃഗ ഡോക്ടറാണ്. മൃഗങ്ങളിലും ഇത്തരം പ്രവണതകള്‍ ഉണ്ടെന്ന് എനിക്കറിയാം.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.