Wed. Nov 6th, 2024

 

ലഖിംപൂര്‍ ഖേരി കര്‍ഷക കൂട്ടക്കൊല കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാന്‍ ചുരുങ്ങിയത് അഞ്ചു വര്‍ഷം വരെ വേണമെന്ന് വിചാരണ കോടതി. വിചാരണ നടക്കുന്ന ലഖിംപൂര്‍ ഖേരി കോടതിയിലെ അഡീഷണല്‍ സെഷന്‍സ് ജഡ്ജി സുപ്രീം കോടതിക്ക് കൈമാറിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര മുഖ്യപ്രതിയായ കേസില്‍ ആശിഷ് മിശ്രയുടെ ജാമ്യാപേക്ഷ പരിഗണിക്കവേ ജസ്റ്റിസുമാരായ സൂര്യകാന്ത്, വി രാമസുബ്രഹ്മണ്യന്‍ എന്നിവരടങ്ങിയ ബെഞ്ച് വിചാരണ കോടതി റിപ്പോര്‍ട്ട് പരാമര്‍ശിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിലാണ് വിചാരണ പൂര്‍ത്തിയാക്കാന്‍ അഞ്ചു വര്‍ഷമെടുക്കുമെന്ന് പറയുന്നത്.

208 സാക്ഷികളാണ് കേസിലുള്ളതെന്നും അവരുടെ വിസ്താരവും എതിര്‍ വിസ്താരവും പൂര്‍ത്തിയാക്കാന്‍ അഞ്ചുവര്‍ഷം വരെ സമയം ആവശ്യമാണെന്നും ആണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്നത്. 171 രേഖകളും 27 ഫോറന്‍സിക് റിപ്പോര്‍ട്ടുകളുമാണ് കേസില്‍ ഉള്ളത്.

ആശിഷ് മിശ്രയുടെ ഹര്‍ജിയില്‍ ഏറ്റവുമൊടുവില്‍ നടന്ന വാദം കേള്‍ക്കലില്‍ കേസിന്റെ സ്ഥിതി സംബന്ധിച്ച റിപ്പോര്‍ട്ട് വിചാരണക്കോടതിയില്‍നിന്ന് സുപ്രീം കോടതി തേടിയിരുന്നു. വിഷയത്തില്‍ രണ്ട് എഫ്‌ഐആറുകളുണ്ടെന്നു ചൂണ്ടിക്കാട്ടിയ ബെഞ്ച്, രണ്ടാമത്തെ കേസിലും പ്രതികള്‍ അറസ്റ്റിലായിട്ടുണ്ടോയെന്ന് അന്വേഷിക്കുകയും ചെയ്തു.

കേസില്‍ ദൈനംദിന വാദം കേള്‍ക്കാന്‍ വിചാരണ കോടതിയോട് നിര്‍ദേശിക്കണമെന്ന് ഇരകള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. കേസിലെ സാക്ഷികളില്‍ പലരും ഭീഷണി നേരിടുകയാണെന്നും മൂന്നു പേര്‍ക്കു നേരെ കൈയേറ്റം ഉണ്ടായതായും പ്രശാന്ത് ഭൂഷണ്‍ കോടതിയെ അറിയിച്ചു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് കോടതി വ്യക്തമാക്കി. എന്നാല്‍ ആരോപണം ആശിഷ് മിശ്രയ്ക്കുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ മുകുള്‍ റോത്തഗി നിഷേധിച്ചു. ദൈനംദിന വാദം കേള്‍ക്കാന്‍ നിര്‍ദേശിക്കണമെന്ന ആവശ്യത്തെയും അദ്ദേഹം എതിര്‍ത്തു.

അതേസമയം, കഴിഞ്ഞ ഫെബ്രുവരി 10 ന് അലഹബാദ് ഹൈക്കോടതി മിശ്രയ്ക്ക് ജാമ്യം അനുവദിച്ചിരുന്നുവെങ്കിലും ഇതു റദ്ദാക്കിയ സുപ്രീം കോടതി കേസ് പുനപ്പരിശോധിക്കാന്‍ ഹൈക്കോടതിയിലേക്കു മാറ്റി. തുടര്‍ന്ന് വീണ്ടും വാദം കേട്ടശേഷം ജൂലൈയില്‍ ഹൈക്കോടതി ജാമ്യാപേക്ഷ തള്ളി. ഇതോടെയാണ് ആശിഷ് മിശ്ര സുപ്രീം കോടതിയെ സമീപിച്ചത്. ആശിഷ് മിശ്ര നല്‍കിയ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി ജനുവരി 13-ലേക്ക് മാറ്റി.

2021 ഒക്ടോബര്‍ മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. കേന്ദ്ര സഹമന്ത്രി അജയ് മിശ്രയുടെ വാഹനവ്യൂഹം പാഞ്ഞുകയറി നാലു കര്‍ഷകര്‍ ഉള്‍പ്പെടെ എട്ടു പേര്‍ കെല്ലപ്പെടുകയായിരുന്നു. സംഭവസമയത്ത് ആശിഷ് മിശ്രയാണ് കാറിലുണ്ടായിരുന്നത്. വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രക്ഷോഭത്തിലേര്‍പ്പെട്ട കര്‍ഷകര്‍ക്കിടയിലേക്കു വാഹനവ്യൂഹം ഇടിച്ചുകയറുകയായിരുന്നു. ആശിഷ് മിശ്ര ഉള്‍പ്പെടെ 12 പേരാണ് കേസിലെ പ്രതികള്‍.

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.