Wed. Jan 22nd, 2025

യുവസംവിധായിക നയനാ സൂര്യന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്ന ഗുരുതര ക്ഷതത്തെക്കുറിച്ച് ഫോറന്‍സിക് സര്‍ജന്റെ മൊഴിയില്‍ പരാമര്‍ശമില്ല. തിരുവനന്തപുരം മെഡിക്കല്‍ കേളേജ് ഫോറന്‍സിക് വിഭാഗം പ്രൊഫസറും പോലീസ് സര്‍ജനുമായ ഡോ. കെ ശശികലയുടെ മൊഴിയാണ് പുറത്തുവന്നത്.

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്ന, അടിവയറിന്റെ ഇടതുഭാഗത്തുള്ള വലിയ ക്ഷതം സര്‍ജന്റെ മൊഴിയില്‍ ഒരിടത്തുമില്ലാത്തത്. ഇതിന്റെ ആഘാതത്തിലാകാം വൃക്കയും പാന്‍ക്രിയാസും അമര്‍ന്ന് ആന്തരിക രക്തസ്രാവമുണ്ടായതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ക്ഷതമേറ്റതായി പറയുന്നത് അടിവയറ്റില്‍ ഇടതുഭാഗത്തും രക്തസ്രാവമുണ്ടായതായി പറയുന്നത് വലത് വൃക്കയുടെ അടിവശത്തുമാണ്. മൃതദേഹപരിശോധനയിലെ ഇത്രയും ഗൗരവമുള്ള ഭാഗമാണ് മൊഴിയില്‍ ഇല്ലാത്തത്. മൂത്രാശയം തീര്‍ത്തും ഒഴിഞ്ഞതാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇത് ചവിട്ടേറ്റതിനാല്‍ സംഭവിച്ചതാകമെന്ന സൂചനയാണ് നല്‍കുന്നത്.

മൊഴിപ്രകാരം പരിശോധനകള്‍ക്കായി അയച്ചവയുടെ പട്ടികയില്‍ നഖം ഉണ്ടായിരുന്നില്ല. എന്നാല്‍, കോടതിയില്‍നിന്ന് പോലീസ് സ്റ്റേഷനില്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ കൈമാറിയവയുടെ കൂട്ടത്തില്‍ നഖത്തിന്റെ സാമ്പിളും ഉണ്ടായിരുന്നുവെന്നാണ് വിവരം. ഇവയെല്ലാം പോലീസിന്റെ കസ്റ്റഡിയില്‍നിന്ന് അപ്രത്യക്ഷമായതായാണ് അന്വേഷണോദ്യോഗസ്ഥന്‍ റിപ്പോര്‍ട്ട് നല്‍കിയത്

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.