Fri. Apr 19th, 2024

തദ്ദേശ സ്വയം ഭരണ വകുപ്പ് കാര്യവട്ടം ഏകദിനത്തിന്റെ വിനോദ നികുതി കുത്തനെ കൂട്ടിയെന്ന വാര്‍ത്തകള്‍ വാസ്തവവിരുദ്ധമാണെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ് അറിയിച്ചു. 24 % മുതല്‍ 50 % വരെ വാങ്ങാമായിരുന്ന വിനോദനികുതി, 12 % ആയി കുറച്ചുനല്‍കുകയാണ് തദ്ദേശ സ്വയം ഭരണ വകുപ്പ് ചെയ്തത്.

തിരുവനന്തപുരം കോര്‍പ്പറേഷനോടും സംഘാടകരായ കേരളാ ക്രിക്കറ്റ് അസോസിയേഷനോടും ചര്‍ച്ച ചെയ്ത്, ഇരുകൂട്ടരുടെയും സമ്മതപ്രകാരമാണ് നികുതി നിരക്ക് നിശ്ചയിച്ചത്. കാര്യവട്ടത്ത് നടന്ന കഴിഞ്ഞ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന് 24%ത്തില്‍ നിന്ന് 5%മായി വിനോദനികുതി കുറച്ചിരുന്നു.

ദീര്‍ഘകാലം സ്റ്റേഡിയത്തില്‍ മത്സരമില്ലാതിരുന്നതും സംഘാടകര്‍ക്ക് സ്റ്റേഡിയം മത്സരത്തിനായി ഒരുക്കുക ദുഷ്‌കരമാവുകയും ചെയ്ത സാഹചര്യത്തിലായിരുന്നു അന്ന് വലിയ തോതില്‍ ഇളവ് അനുവദിച്ചത്. സാഹചര്യം മാറിയതിനാല്‍, ഇപ്പോഴും അതേ തോതിലുള്ള ഇളവ് നല്‍കേണ്ട സ്ഥിതിയില്ല. എങ്കിലും നിലവിലെ മത്സരത്തിന് 12 ശതമാനമായി വിനോദനികുതി ഇളവ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

 

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.