Wed. Nov 6th, 2024

വയനാട് ബത്തേരിയിലിറങ്ങിയ പിഎം2 എന്ന കാട്ടാനയെ പിടികൂടാനായില്ല. ആനയെ മയക്കുവെടിവച്ച് പിടികൂടാന്‍ വനംവകുപ്പ് സംഘം ശ്രമിച്ചെങ്കിലും ഫലം കാണാതെ മടങ്ങി. പിഎം2ന് സമീപം മറ്റൊരു കാട്ടാന നിലയുറപ്പിച്ചത് ദൗത്യത്തിന് വെല്ലുവിളിയായി.

കുപ്പാടി വനമേഖലയില്‍ തുടരുന്ന പിഎം2നെ പിടികൂടാന്‍ ഇന്നലെ രാവിലെ മുതല്‍ ദൗത്യസംഘം ശ്രമം തുടങ്ങിയിരുന്നു. ആനയ്ക്കു സമീപത്ത് റാപ്പിഡ് റെസ്‌പോണ്‍സ് ടീം എത്തിയെങ്കിലും മയക്കുവെടി വയ്ക്കാനായില്ല. പിഎം2ന് സമീപം മറ്റൊരു കാട്ടാന നിലയുറപ്പിച്ചതാണ് പ്രധാന വെല്ലുവിളിയെന്നു ദൗത്യസംഘം പറയുന്നു. പിഎം2 അതിവേഗത്തിലാണ് സഞ്ചരിക്കുന്നത് എന്നതും ദൗത്യം സങ്കീര്‍ണമാക്കി. അക്രമകാരിയായ പിഎം2 ദൗത്യസംഘത്തിന് നേരെയും പാഞ്ഞടുത്തു.

വൈകിട്ടോടെ ദൗത്യം അവസാനിപ്പിച്ചു. തിങ്കളാഴ്ച വീണ്ടും ശ്രമം തുടരും. അതേസമയം ആനയെ മയക്കുവെടി വയ്ക്കാന്‍ ഉത്തരവിറക്കാന്‍ വൈകിയതില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനില്‍ നിന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ വിശദീകരണം തേടി. കാട്ടാനയെ പിടികൂടാന്‍ വൈകുന്നതിലെ കാലതാമസം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ബത്തേരിയില്‍ വനം മന്ത്രിയെ കരിങ്കൊടി കാണിച്ചു.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.