Fri. Dec 27th, 2024

ഭൂമി ഇടിഞ്ഞുതാഴ്ന്നു വീടുകള്‍ തകരുന്ന ഉത്തരാഖണ്ഡിലെ തീര്‍ത്ഥാടനകേന്ദ്രമായ ജോഷിമഠില്‍ സ്ഥിതി അതീവ ഗുരുതരം. നാലു വാര്‍ഡുകളില്‍ പ്രവേശനം നിരോധിച്ചു. സിങ്ധര്‍, ഗാന്ധിനഗര്‍, മനോഹര്‍ബാഗ്, സുനില്‍ എന്നിവിടങ്ങളിലെ താമസക്കാരെ ഇന്നുതന്നെ ഒഴിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ജോഷിമഠിന്റെ സംരക്ഷണത്തിനായി എല്ലാവരും ഒന്നിച്ചു നില്‍ക്കണമെന്നും ഒഴിപ്പിക്കലിനോട് സഹകരിക്കണമെന്നും മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി അഭ്യര്‍ത്ഥിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിയോഗിച്ച വിദഗ്ധ സംഘങ്ങള്‍ ജോഷിമഠ് സന്ദര്‍ശിച്ച് അപകട മേഖലകളെ വിവിധ സോണുകളായി തിരിച്ചാണ് ഒഴിപ്പിക്കല്‍ നടപടി തുടരുന്നത്.

പ്രദേശത്തേക്കു തിരിച്ചുവരവ് സാധ്യമാകില്ലെന്നും തപോവന്‍ ഹൈഡ്രോ പവര്‍ പ്രൊജക്ട് അടക്കമുള്ള നിര്‍മാണങ്ങളാണ് പ്രശ്‌നത്തിനു കാരണമെന്നും പ്രദേശവാസികള്‍ ആരോപിച്ചു. വന്‍കിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ജോഷിമഠിനെ തകര്‍ക്കുമെന്ന വിദഗ്ധരുടെ മുന്നറിയിപ്പ് ഇനിയെങ്കിലും കേള്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്ത് ആവശ്യപ്പെട്ടു.

ജോഷിമഠില്‍ 4,500 കെട്ടിടങ്ങളുള്ളതില്‍ 610 എണ്ണം വിള്ളല്‍ വീണതിനാല്‍ വാസയോഗ്യമല്ലാതായെന്നാണ് കണക്ക്.

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.