Sun. Dec 22nd, 2024

വിദ്യാര്‍ഥി സമരത്തിന്റെ പശ്ചാത്തലത്തില്‍ കോട്ടയത്തെ കെ.ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ജനുവരി 15 വരെ അടച്ചിടാന്‍ ഉത്തരവ്. ഇന്ന് മുതല്‍ ജനുവരി 15 വരെ അടച്ചിടാന്‍ ജില്ലാ കളക്ടറാണ് നിര്‍ദേശം നല്‍കിയത്. അതേസമയം, മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്ക് ഉത്തരവ് ബാധകമല്ല. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഡയറക്ടറുടെ ജാതി വിവേചനത്തിനെതിരെ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ സമരം നടക്കുകയാണ്. 

കെആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡയറക്ടര്‍ ശങ്കര്‍ മോഹനെതിരെയുള്ള ജാതിവിവേചനം ആരോപണം അന്വേഷിക്കാനുള്ള ഉന്നത സമിതിയെ രൂപീകരിച്ചിരുന്നു. ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണനാണ് സ്ഥാപന ചെയര്‍മാന്‍. അദ്ദേഹത്തിന്റെ അഭിപ്രായം കൂടി പരിഗണിച്ച് ആദ്യം നിയോഗിച്ച കമ്മീഷന് മുന്നില്‍ ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ തെളിവെടുപ്പിന് ഹാജറായില്ല. 

നേരത്തെ ജനുവരി എട്ടുവരെ  ഇന്‍സ്റ്റിറ്റ്യൂട്ട് അടച്ചിടാന്‍  ജില്ലാ കലക്ടര്‍ ഉത്തരവിട്ടിരുന്നു. പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാകാത്ത സാഹചര്യത്തിലാണ് ഒരാഴ്ച കൂടി നീട്ടിയത്. വിദ്യാര്‍ഥികള്‍ക്ക് മാത്രമല്ല, സ്ഥാപനത്തിലെ ജീവനക്കാര്‍ക്കും ഡയറക്ടര്‍ക്കെതിരെ പരാതിയുണ്ട്. ഡയറക്ടറുടെ വീട്ടിലെ ജോലിക്ക് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വനിതാ ജീവനക്കാരെ നിയോഗിച്ചെന്നാണ് പരാതി.  വനിതാ ജീവനക്കാര്‍ കുളിച്ചു വസ്ത്രം മാറിയ ശേഷമേ തന്റെ വീട്ടില്‍ കയറാവൂ എന്ന് ഡയറക്ടര്‍ നിര്‍ദേശിച്ചെന്ന ഗൗരവതരമായ പരാതിയും ഉയര്‍ന്നിട്ടും ഉന്നത വിദ്യാഭ്യാസ വകുപ്പ് നടപടിയെടുത്തില്ല. 

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.