Sun. Dec 22nd, 2024

കാസര്‍കോട് സ്വദേശി അഞ്ജുശ്രീയുടെ മരണ കാരണത്തെ കുറിച്ച് ചില തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് കേസന്വേഷിക്കുന്ന കാസര്‍കോട് എസ്പി. മരണ കാരണം ഭക്ഷ്യവിഷബാധയേറ്റല്ലെന്ന രീതിയിലുള്ള ചില നിരീക്ഷണങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍ നടത്തിയിരുന്നു. ചില തെളിവുകള്‍ പൊലീസിനും ലഭിച്ചിട്ടുണ്ട്. മരണകാരണം ഉറപ്പാക്കണമെങ്കില്‍ രാസ പരിശോധന വളരെ പ്രധാനമാണ്. സാമ്പിളുകള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്നും വിശദമായ രാസ പരിശോധനാ ഫലം വന്ന ശേഷമേ കൂടുതല്‍ വിവരങ്ങള്‍ വിശദീകരിക്കാന്‍ കഴിയൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.   

ആരോഗ്യവകുപ്പിനും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും പൊലീസിനും കിട്ടിയ പ്രാഥമിക തെളിവില്‍ കാസര്‍കോട് തലക്ലായിയില്‍ അഞ്ചുശ്രീ പാര്‍വതിയുടെ മരണം ഭക്ഷ്യവിഷബാധയേറ്റല്ല. വിഷം ഉള്ളില്‍ ചെന്നിട്ടുണ്ട്. എന്നലത് ഭക്ഷണത്തില്‍ നിന്നല്ല. കരള്‍ അടക്കം ആന്തരികാവയവങ്ങള്‍ പ്രവര്‍ത്തന രഹിതമായിരുന്നു. ഏത് തരം വിഷമാണ് ഉള്ളില്‍ ചെന്നത് എന്നറിയാന്‍ ആന്തരിക അവയവങ്ങള്‍ രാസപരിശോധന ഫലം വരണം. സാധാരണ ഭക്ഷ്യ വിഷബാധകളില്‍ നിന്ന് വ്യത്യസ്തമായ തെളിവുകളാണ് പുറത്ത് വരുന്നതെന്നും വിശദമായ റിപ്പോര്‍ട്ട് കിട്ടയ ശേഷം തുടര്‍ നടപടി എന്ന നിലപാടിലാണ് പൊലീസ്. 

അഞ്ജുശ്രീയെ ചികിത്സിച്ച മംഗലാപുരം ആശുപത്രിയിലെ ഡോക്ടര്‍മാരില്‍ നിന്നും പോസ്റ്റ്‌മോര്‍ട്ടം ചെയ്ത പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച് കാസര്‍കോട്ടെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്കും പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.