Wed. Nov 6th, 2024

 

ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിനെ കുറിച്ച് പഠിക്കുന്നതിന് ഉത്തരാഖണ്ഡ്, ഗുജറാത്ത് സര്‍ക്കാരുകള്‍ രൂപീകരിച്ച സമിതികളെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ചാണ് ഹര്‍ജി തള്ളിയത്.

സമിതി രൂപീകരിച്ച സംസ്ഥാന സര്‍ക്കാരുകളുടെ നടപടിയില്‍ നിയമപരമായ തെറ്റില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഒരു സംസ്ഥാനത്തിന്റെ എക്സിക്യൂട്ടീവ് അധികാരത്തിന്റെ പരിധിയില്‍ വരുന്ന കാര്യമാണ് ഏകീകൃത സിവില്‍ കോഡ് കൊണ്ടുവരുന്നതിനുള്ള സമിതി രൂപീകരിക്കുക എന്ന് ബെഞ്ച് വ്യക്തമാക്കി.

അനൂപ് ബറാന്‍വാല്‍ എന്ന വ്യക്തിയാണ് സമിതി രൂപീകരണം ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി ഫയല്‍ ചെയ്തത്.

ഭരണഘടനയുടെ 162-ാം അനുച്ഛേദ പ്രകാരമുള്ള അനുമതിയുടെ അടിസ്ഥാനത്തിലാണ് സമിതികള്‍ രൂപീകരിച്ചത് എന്ന് കോടതി ചൂണ്ടിക്കാട്ടി. അതിനുള്ള അധികാരം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഉണ്ടെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കണ്‍കറന്റ് ലിസ്റ്റില്‍ പറഞ്ഞിരിക്കുന്ന വിഷയങ്ങളില്‍ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും നിയമങ്ങള്‍ ഉണ്ടാക്കാമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

ബിജെപി സര്‍ക്കാറിന്റെ പ്രധാന അജണ്ടകളിലൊന്നാണ് ഏകീകൃത സിവില്‍കോഡ്. തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഇതിനുള്ള നടപടികളുമായി ഗുജറാത്ത് സര്‍ക്കാര്‍ മുന്നോട്ടുപോയതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

ഉത്തരാഖണ്ഡ് സര്‍ക്കാരും നേരത്തെ ഏകീകൃത സിവില്‍കോഡ് നടപ്പാക്കാന്‍ സമിതി രൂപീകരിച്ചിരുന്നു. വെബ് പോര്‍ട്ടല്‍ വഴി പൊതുജനങ്ങളില്‍ നിന്ന് ഇതുസംബന്ധിച്ച അഭിപ്രായം തേടുകയും ചെയ്തിരുന്നു.

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.