Tue. Nov 5th, 2024

രജൗരി ഭീകരാക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരാള്‍കൂടി മരിച്ചു. ഇതോടെ  രജൗരി ജില്ലയിലെ ധാന്‍ഗ്രി മേഖലയില്‍ നടന്ന രണ്ട് വ്യത്യസ്ത വെടിവയ്പ്പുകളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴ് ആയി ഉയര്‍ന്നതായി അധികൃതര്‍ അറിയിച്ചു. ജമ്മുവിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നയാളാണ് മരിച്ചത്. ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ അപ്പര്‍ ഡാംഗ്രി ഗ്രാമത്തില്‍ കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരവും തിങ്കളാഴ്ച രാവിലെയും ഉണ്ടായ രണ്ട് ഭീകരാക്രമണങ്ങളില്‍ രണ്ട് കുട്ടികളടക്കം ആറ് സാധാരണക്കാര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അതേസമയം, ആക്രമണത്തില്‍ പങ്കെടുത്ത രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചുവെന്ന് ഇന്ത്യന്‍ സൈന്യം അറിയിച്ചു.

അതേസമയം, ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം രണ്ട് ഭീകരരെ സൈന്യം വെടിവച്ചു കൊന്നതായി അധികൃതര്‍ അറിയിച്ചു. ഇന്നലെ ശനിയാഴ്ച വൈകിട്ടോടെ ജില്ലയിലെ ബാലകോട്ട് സെക്ടറില്‍ വച്ചാണ് ഭീകരെ വധിച്ചുവെന്ന ഉദ്യോഗസ്ഥര്‍ അറിയച്ചു. ഗ്രാമത്തില്‍ സംശയാസ്പദമായ നീക്കം ശ്രദ്ധയില്‍പ്പെട്ട സൈനിക ഉദ്യോഗസ്ഥര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇന്ന് രാവിലെ പ്രദേശത്ത് സൈന്യം തെരച്ചില്‍ ആരംഭിച്ചപ്പോഴാണ് ഭീകരരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.