സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനിടെ സുരക്ഷാസൈനികനെ കൊലപ്പെടുത്തി എന്ന് ആരോപിച്ചാണ് 2 യുവാക്കളെ തൂക്കിലേറ്റിയത്. മുഹമ്മദ് കരാമി, മുഹമ്മദ് ഹൊസൈനി എന്നിവരെയാണ് വധശിക്ഷയ്ക്ക് വിധേയമാക്കിയത്. കരാജ് നഗരത്തില്‍ നവംബര്‍ 3ന് റവല്യൂഷനറി ഗാര്‍ഡ് ആയ റുഹൊല്ല അജാമിയന്‍ കൊല്ലപ്പെട്ട സംഭവത്തിലാണ് ശിക്ഷ.
രാജ്യത്ത് രഹസ്യമായി പ്രവര്‍ത്തിക്കുന്ന റവല്യൂഷനറി കോടതികള്‍ ഇതുവരെ 16 പേരെ വധശിക്ഷയ്ക്ക് വിധിച്ചിട്ടുണ്ടെന്ന് പൗരാവകാശ സംഘടനകള്‍ ആരോപിക്കുന്നു. മുഹമ്മദ് കരാമിയെയും മുഹമ്മദ് ഹൊസൈനിയെയും ക്രൂരമായി പീഡിപ്പിച്ച് കുറ്റം സമ്മതിപ്പിച്ചതായി അഭിഭാഷകര്‍ പറഞ്ഞു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവര്‍ക്ക് നിയമസഹായം നല്‍കുന്നില്ലെന്ന ആരോപണവുമുണ്ട്.
26 പേര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശമുളളതായി ആംനസ്റ്റി ഇന്റര്‍നാഷനല്‍ പറയുന്നു. ശിരോവസ്ത്രം ശരിയായ രീതിയില്‍ ധരിച്ചില്ലെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത മഹ്‌സ അമിനി കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഇറാനില്‍ വനിതകളുടെ നേതൃത്വത്തില്‍ പ്രക്ഷോഭം നടക്കുന്നത്.