Sat. Jan 18th, 2025

കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ് സ്റ്റേഡിയത്തില്‍ 15ന് നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന ക്രിക്കറ്റ് മത്സരത്തിനുള്ള ടിക്കറ്റിന് ജിഎസ്ടിക്കു പുറമേ ചുമത്തുന്ന വിനോദ നികുതി ഉയര്‍ത്തി സര്‍ക്കാര്‍. കഴിഞ്ഞ സെപ്റ്റംബറില്‍ നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരത്തില്‍ 5% ആയിരുന്ന വിനോദ നികുതിയാണ് ഇത്തവണ സര്‍ക്കാര്‍ 12% ആയി വര്‍ധിപ്പിച്ചത്.

ഇതോടെ 1000 രൂപയുടെ ടിക്കറ്റിന് 120 രൂപയും 2000 രൂപയുടെ ടിക്കറ്റിന് 260 രൂപയും വിനോദ നികുതി ഇനത്തില്‍ മാത്രം അധികം നല്‍കേണ്ടി വരും. 18% ജിഎസ്ടിക്കു പുറമേയാണിത്. ഇതുകൂടി ഉള്‍പ്പെടുമ്പോള്‍ ആകെ നികുതി 30% ആയി ഉയരും. സര്‍ക്കാര്‍ നികുതി എത്ര ഉയര്‍ത്തിയാലും കളി സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് അസോസിയേഷനു നഷ്ടമില്ല. നികുതി ഉള്‍പ്പെടാതെയുള്ള നിരക്കാണ് അവര്‍ ടിക്കറ്റിനായി നിശ്ചയിക്കുന്നത്.

അതിനു മുകളില്‍ വരുന്ന നികുതി എത്രയായാലും ടിക്കറ്റ് എടുക്കുന്നവരുടെ ബാധ്യതയാണ്. സെപ്റ്റംബറില്‍ നടന്ന ട്വന്റി20 മത്സരത്തില്‍ 1500 രൂപയും 2750 രൂപയുമായിരുന്ന ടിക്കറ്റ് നിരക്ക് ഇത്തവണ കെസിഎ 1000, 2000 രൂപയായി കുറച്ചതാണ് ഏക ആശ്വാസം. അതേസമയം മത്സരത്തിന്റെ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു. ടിക്കറ്റ് വില്‍പന ഭക്ഷ്യ, സിവില്‍ സപ്ലൈസ് വകുപ്പു മന്ത്രി ജി.ആര്‍. അനില്‍ ഉദ്ഘാടനം ചെയ്തു. അപ്പര്‍ ടിയറിന് 1000 രൂപയും ലോവര്‍ ടിയറിന് 2000 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

സെപ്തംബറില്‍ നടന്ന ട്വന്റി-ട്വന്റിക്ക് നികുതികള്‍ ഉള്‍പ്പടെ 1500,2750,6000 എന്നിങ്ങനെയായിരുന്നു നിരക്ക്. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് 1500ന്റെ ടിക്കറ്റ് പകുതിനിരക്കില്‍ നല്‍കിയിരുന്നു. ഇത്തവണ വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. പേ ടിഇം ഇന്‍സൈഡര്‍ വഴിയാണ് ഇത്തവണയും ടിക്കറ്റ് വില്‍പ്പന.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.