സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദികളില്‍ പാചകം ഇനി ഏറ്റെടുക്കില്ലെന്ന് പഴയിടം മോഹനന്‍ നമ്പൂതിരി. ഭക്ഷണത്തിന്റെ പേരില്‍ ഉയര്‍ന്ന പുതിയ വിവാദങ്ങള്‍ക്ക് പിന്നാലെ അടുക്കള നിയന്ത്രിക്കുന്നതില്‍ ഭയം വന്നു, മുന്നോട്ടുപോകുക ബുദ്ധിമുട്ടാണെന്നും പഴയിടം പറഞ്ഞു.
കൗമാരക്കാരുടെ ഭക്ഷണത്തില്‍ പോലും ജാതിയുടെയും വര്‍ഗീയതയുടെയും വിഷവിത്തുകള്‍ വിതറുന്നു, തന്നെ മലീമസപ്പെടുത്തുന്ന രീതിയില്‍ അനാവശ്യമായ വിവാദങ്ങള്‍ നടന്നതായും പഴയിടം. ഇത്രകാലവും നിധിപോലെ നെഞ്ചിലേറ്റി നടന്നതാണ് കലോത്സവ നഗരിയിലെ അടുക്കളകള്‍. ആ നിധി ഇനിയും സൂക്ഷിക്കുന്നത് ശരിയല്ലെന്ന തോന്നലുണ്ടാകുന്നു.
ഭക്ഷണ ശീലങ്ങള്‍ മാറിമാറി വരുന്ന അടുക്കളകളില്‍ പഴയിടത്തിന്റെ സാന്നിധ്യത്തിന് അത്രമാത്രം പ്രസക്തിയുണ്ടെന്ന് തോന്നുന്നില്ല, അതുകൊണ്ടുകൂടിയാണ് കലോത്സവ ഊട്ടുപുരയില്‍ നിന്ന് മാറിനില്‍ക്കുന്നതെന്നും പഴയിടം പറഞ്ഞു.
സ്‌കൂള്‍ കലോത്സവത്തില്‍ മാംസാഹാരം വിളമ്പാത്തത് വിവാദമായിരുന്നു, അടുത്ത തവണ മുതല്‍ കലോത്സവ വേദിയില്‍ മാംസാഹാരം വിളമ്പുന്ന കാര്യം പരിഗണിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രിയും പറഞ്ഞിരുന്നു.