Wed. Dec 18th, 2024

 

എയര്‍ ഇന്ത്യ വിമാനത്തില്‍ സഹയാത്രക്കാരിയായ സ്ത്രീയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. ശങ്കര്‍ മിശ്ര(34) ആണ് അറസ്റ്റിലായത്. ബെംഗളുരുവില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഒളിവിലായ ശങ്കര്‍ മിശ്രക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

ഇയാളുടെ സഹോദരിയുടെ വീട് ബെംഗളുരുവിലാണ്. നേരത്തെ ഇയാളുടെ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ച പൊലീസിന് ഇയാള്‍ ബെംഗളൂരുവിലുണ്ടെന്ന് സൂചന ലഭിച്ചിരുന്നു. ശങ്കര്‍ മിശ്ര ഫോണ്‍ സ്വിച്ച് ഓഫ് ചെയ്‌തെങ്കിലും സുഹൃത്തുക്കളുമായി ആശയവിനിമയം നടത്താന്‍ അദ്ദേഹം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉപയോഗിച്ചിരുന്നു. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചതും ഇയാളെ പിടികൂടാന്‍ പൊലീസിന് സഹായകരമായി.

സംഭവം പുറത്തുവന്നതിനു ശേഷം ശങ്കര്‍ മിശ്രയെ ജോലി ചെയ്തിരുന്ന കമ്പനി പിരിച്ചുവിട്ടിരുന്നു. കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ മള്‍ട്ടിനാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ് സ്ഥാപനമായ വെല്‍സ് ഫാര്‍ഗോയുടെ ഇന്ത്യന്‍ ചാപ്റ്ററിന്റെ വൈസ് പ്രസിഡന്റായിരുന്നു ശങ്കര്‍ മിശ്ര. നവംബര്‍ 26 ന് ന്യൂയോര്‍ക്ക്-ഡല്‍ഹി എയര്‍ ഇന്ത്യ വിമാനത്തില്‍ വെച്ചാണ് ശങ്കര് മിശ്ര സഹ യാത്രക്കാരിയായ സ്ത്രീയുടെ മേല്‍ മൂത്രമൊഴിച്ചത്.

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.