എയര്‍ ഇന്ത്യ വിമാനത്തില്‍ സഹയാത്രികകയായ വയോധികയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തില്‍ പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മുംബൈ വ്യാപാരി ശങ്കര്‍ മിശ്രയ്ക്കായി ലൂക്ക് ഔട്ട് നോട്ടീസ് ഇറക്കണമെന്ന് ഇമിഗ്രേഷന്‍ അധികൃതരോട് ഡല്‍ഹി പോലീസ് ആവശ്യപ്പെട്ടിരുന്നു. ഇയാള്‍ രാജ്യം വിടുന്നത് തടയണമെന്നും ഡല്‍ഹി പോലീസ് ആവശ്യപ്പെട്ടിരുന്നു.
യു.എസിലെ കാലിഫോര്‍ണിയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സാമ്പത്തിക സേവനങ്ങള്‍ നല്‍കുന്ന ബഹുരാഷ്ട്രകമ്പനിയുടെ ഇന്ത്യയിലെ വൈസ് പ്രസിഡന്റാണ് ശങ്കര്‍ മിശ്ര. ഉത്തര്‍ പ്രദേശിലെ ലഖ്‌നൗ സ്വദേശിയായ ഇയാളെ തിരിച്ചറിഞ്ഞെന്നും നിലവില്‍ ഒളിവിലാണെന്നുമാണ് പോലീസ് അറിയിക്കുന്നത്. വയോധികയുടെ പരാതിയില്‍ സ്ത്രീത്വത്തെ അപമാനിക്കാന്‍ ശ്രമിച്ചുവെന്നതടക്കം വകുപ്പുകള്‍ ചുമത്തിയാണ് ശങ്കര്‍ മിശ്രക്കെതിരെ കേസെടുത്തിരിക്കുന്നത്.