ബ്രിട്ടിഷ് രാജാവ് ചാള്‍സ് മൂന്നാമനുമായി ഫോണില്‍ ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചാള്‍സ് അധികാരത്തില്‍ കയറിയതിനുശേഷം ആദ്യമായാണ് ഇരു നേതാക്കന്മാരും തമ്മില്‍ സംസാരിക്കുന്നത്.
കാലാവസ്ഥയെക്കുറിച്ചും ജൈവവൈവിധ്യ സംരക്ഷണത്തെക്കുറിച്ചും ഊര്‍ജ പരിവര്‍ത്തനത്തിനുള്ള ഫണ്ടിങ്ങിനെക്കുറിച്ചുമാണ് ഇരുനേതാക്കളും സംസാരിച്ചതെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ പ്രസ്താവന. ജി20 കൂട്ടായ്മയുടെ അധ്യക്ഷസ്ഥാനം ഏറ്റെടുത്തതിന്റെ ഭാഗമായായിരുന്നു സംഭാഷണം.
ഡിസംബര്‍ ഒന്നിനാണ് ഇന്ത്യ ജി20ന്റെ അധ്യക്ഷപദത്തില്‍ എത്തിയത്. കൂട്ടായ്മയുടെ അടുത്ത യോഗം സെപ്റ്റംബര്‍ 9, 10 തീയതികളിലാണ്. ചാള്‍സ് മൂന്നാമന്റെ ഭരണ കാലഘട്ടം വളരെ വിജയകരമാകട്ടെയെന്നും മോദി ആശംസിച്ചു.