ജേണലിസ്റ്റുകള്‍, കനേഡിയൻ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അടക്കം രണ്ടരലക്ഷം ട്വിറ്റര്‍ അക്കൗണ്ടുകള്‍ സസ്പെന്‍ഡ് ചെയ്യാന്‍ യുഎസ് ആവശ്യപ്പെട്ടതായി ട്വിറ്റര്‍ സിഇഒ ഇലോണ്‍ മസ്ക്. മാധ്യമ പ്രവര്‍ത്തകനായ മാറ്റ് തൈബിയുടെ റിപ്പോര്‍ട്ട് പങ്കിട്ടുകൊണ്ടായിരുന്നു മസ്കിന്‍റെ വെളിപ്പെടുത്തല്‍. ട്വിറ്ററും സര്‍ക്കാര്‍ ഏജന്‍സികളും തമ്മിലുളള ബന്ധത്തിന്‍റെ വിശദാംശങ്ങളാണ് റിപ്പോര്‍ട്ടിലുളളത്.
സമൂഹ മാധ്യമത്തിലെ റഷ്യന്‍ ഇടപെടല്‍ ചെറുക്കുന്നതിന് യുഎസ് കോണ്‍ഗ്രസുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ യുഎസ് സര്‍ക്കാരില്‍ നിന്നും ശക്തമായ സമ്മര്‍ദ്ദങ്ങളുണ്ടെന്ന് മാറ്റ് തൈബി പറയുന്നു. സംശയത്തിന്‍റെ നിഴലിലുളള റഷ്യന്‍ ഉദ്യോഗസ്ഥരുടെയും ചാരന്മാരുടെയും പട്ടിക യുഎസ് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്. അതേസമയം, റഷ്യന്‍ ഇടപെടല്‍ സംബന്ധിച്ചുളള അന്വേഷണത്തില്‍ കാര്യമായ തെളിവുകള്‍ കണ്ടെത്താനായില്ല എന്നാണ് ട്വിറ്റര്‍ അധികൃതര്‍ പറയുന്നത്.