Wed. Nov 6th, 2024
Bilkis Bano Case: Justice Bela M Trivedi recuses from hearing pleas against early release of 11 convicts in SC

ബില്‍കിസ് ബാനു കേസില്‍ 11 പ്രതികളെ ശിക്ഷാ കാലയളവ് പൂര്‍ത്തിയാക്കുന്നതിന് മുമ്പായി വിട്ടയച്ച നടപടിക്കെതിരെയുളള പൊതു താല്‍പ്പര്യ ഹര്‍ജികള്‍ കേള്‍ക്കുന്നതില്‍ നിന്ന് സുപ്രീംകോടതി ജഡ്ജി ബെല എം ത്രിവേദി പിന്മാറി. നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ വിമണ്‍ ജനറല്‍ സെക്രട്ടറി ആനി രാജ, സുഭാഷിണി അലി (സിപിഎം), മാധ്യമപ്രവര്‍ത്തക രേവതി ലൗള്‍, സാമൂഹ്യ പ്രവര്‍ത്തക രൂപ് രേഖ വര്‍മ, ടിഎംസി എം.പി മഹുവ മൊയ്ത്ര എന്നിവരാണ് ഹര്‍ജികള്‍ നല്‍കിയത്.

പ്രതികള്‍ 14 വര്‍ഷത്തെ തടവ് പൂര്‍ത്തിയാക്കിയെന്നും ജയിലിലെ പെരുമാറ്റം നല്ലതാണെന്നും ചൂണ്ടിക്കാട്ടി ശിക്ഷ വെട്ടികുറച്ചതിനെ ന്യായീകരിച്ച് ഗുജറാത്ത് സര്‍ക്കാര്‍ സത്യവങ്മൂലം നല്‍കിയിരുന്നു. കേന്ദ്ര സര്‍ക്കാരും പ്രതികളുടെ മോചനം അംഗീകരിച്ചതായും ഗുജറാത്ത് സര്‍ക്കാര്‍ അറിയിച്ചു.

ആസാദി കാ അമൃത് മഹോത്സവ് ആഷോഷങ്ങളുടെ ഭാഗമായല്ല പ്രതികളുടെ മോചനമെന്ന സത്യവാങ്മൂലത്തിലെ പരാമര്‍ശവും ശ്രദ്ധേയമാണ്. പൊതു താല്‍പ്പര്യ ഹര്‍ജികള്‍ സമര്‍പ്പിച്ചവര്‍ കേസിന് പുറത്തുളളവരാണെന്നും ഇവര്‍ക്ക് കേസില്‍ ഇടപെടാനുളള അര്‍ഹതയില്ലെന്നും ഗുജറാത്ത് സര്‍ക്കാര്‍ വാദിക്കുന്നു.

ജസ്റ്റിസുമാരായ അജയ് റസ്തോഗിയും ബെല എം ത്രിവേദിയും അടങ്ങുന്ന ബെഞ്ചാണ് ജസ്റ്റിസ് ത്രിവേദി ഇല്ലാത്ത ബെഞ്ച് ഹര്‍ജികള്‍ പരിഗണിക്കുമെന്ന് അറിയിച്ചത്. 2002 ഗുജറാത്ത് കലാപത്തിനിടെയാണ് ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗം ചെയ്യപ്പെടുകയും അവരുടെ കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്തത്.