ഗാനരചയിതാവ് ബീയാർ പ്രസാദ് അന്തരിച്ചു. മസ്തിഷ്കാഘാതത്തെത്തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. 61 വയസായിരുന്നു. രണ്ടുവർഷം മുമ്പ് വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായിട്ടുണ്ട്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്നു അദ്ദേഹം. മങ്കൊമ്പ് സ്വദേശിയായ അദ്ദേഹത്തിന്‍റെ അന്ത്യം ചങ്ങനാശ്ശേരിയിലായിരുന്നു.
2003ൽ കിളിച്ചുണ്ടൻ മാമ്പഴമെന്ന മോഹൻലാൽ ചിത്രത്തിലൂടെ ഗാനരചയിതാവെന്ന നിലയിൽ ശ്രദ്ധ പതിപ്പിച്ചു. ‘കേരനിരകളാടും ഒരുഹരിത ചാരുതീരം…’, ‘മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴി…’ തുടങ്ങി ഒട്ടേറെ ഹിറ്റ് ഗാനങ്ങൾ അദ്ദേഹത്തിന്‍റേതായി പിറന്നു. അടുത്തിടെയാണ് ചന്ദ്രോത്സവം എന്ന നോവൽ പ്രസിദ്ധീകരിച്ചത്. മറ്റൊരു നോവലെഴുത്തിന്റെ അവസാനഘട്ടത്തിലിരിക്കെയാണ് അന്ത്യം.
1993-ൽ കുട്ടികൾക്കായുള്ള ചിത്രത്തിന്റെ തിരക്കഥയെഴുതിയാണ് പ്രസാദ് സിനിമാലോകത്തെത്തുന്നത്. ചാനൽ പരിപാടിക്കായി തിരുവനന്തപുരത്തെത്തിയപ്പോൾ ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് പരിശോധന നടത്തിയപ്പോഴാണ് മസ്തിഷ്കാഘാതം സ്ഥിരീകരിച്ചത്. ഭാര്യ: സനിതാ പ്രസാദ്, മകന്‍ കേരളത്തിലും മകൾ യൂറോപ്പിലുമാണ്.