സംസ്ഥാനത്തെ കളക്ട്രേറ്റുകളിലും വകുപ്പു മേധാവിമാരുടെ ഓഫീസുകളിലും ഇന്നു മുതല്‍ ബയോമെട്രിക് പഞ്ചിംഗ്. 2023 ജനുവരി ഒന്നുമുതല്‍ പഞ്ചിംഗ് നിര്‍ബന്ധമാക്കിക്കൊണ്ട് ചീഫ് സെക്രട്ടറിയുടെ കര്‍ശന ഉത്തരവുണ്ടായിരുന്നു. രണ്ട് ദിവസം അവധിയായിരുന്നതിനാല്‍ ഇന്നു മുതലായിരിക്കും പഞ്ചിംഗ് നടപ്പിലാക്കുക. ബയോമെട്രിക് പഞ്ചിംഗ് മെഷീനുകള്‍ സ്പാര്‍ക്കുമായി ബന്ധിപ്പിക്കാനാണ് നിര്‍ദേശം. എല്ലാ ഓഫീസുകളിലും മെഷീന്‍ വച്ചിട്ടുണ്ടെങ്കിലും സ്പാര്‍ക്കുമായി ബന്ധിപ്പിച്ചിട്ടില്ല. ഒരാഴ്ചക്കകം നടപടികള്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാനായി ചീഫ് സെക്രട്ടറി കളക്ടര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റ് സര്‍ക്കാര്‍ ഓഫീസുകളില്‍ മാര്‍ച്ച് 31ന് മുന്‍പ് ബയോ മെട്രിക് പഞ്ചിംഗ് നടപ്പിലാക്കണമെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു.
സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് പുറമെ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, ഗ്രാന്‍ഡ് ഇന്‍ എയ്ഡ് സ്ഥാപനങ്ങള്‍ എന്നിവയിലും ബയോമെട്രിക് പഞ്ചിംഗ് സംവിധാനം നടപ്പാക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളിലും ബയോമെട്രിക് പഞ്ചിങ് നടപ്പാക്കുമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ജീവനക്കാരുടെ സംഘടനകളുടെ എതിര്‍പ്പ് കാരണം അത് നടപ്പായിരുന്നില്ല. ഇക്കാര്യം ഇത്തവണ പുറപ്പെടുവിച്ച ഉത്തരവിലും പറയുന്നുണ്ട്.