Wed. Jan 22nd, 2025

ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ നിരോധിച്ച കേന്ദ്ര സര്‍ക്കാരിന്റെ 2016-ലെ നടപടി സുപ്രീംകോടതി ശരിവെച്ചു. വിധിപറഞ്ഞ അഞ്ചു ജഡ്ജിമാരില്‍ നാലുപേരും കേന്ദ്രത്തിന്റെ നടപടി ശരിവച്ചപ്പോള്‍ ജസ്റ്റിസ് ബിവി നാഗരത്‌ന വിയോജിപ്പ് രേഖപ്പെടുത്തി. നോട്ട് നിരോധനം റദ്ദാക്കാനാകില്ലെന്ന് ജസ്റ്റിസ് ബിആര്‍ ഗവായ് വിധി പ്രസ്താവത്തില്‍ അറിയിച്ചു.

സാമ്പത്തിക നയത്തിന്റെ കാര്യത്തില്‍ വലിയ സംയമനം പാലിക്കേണ്ടതുണ്ട്. നോട്ട് നിരോധനം ലക്ഷ്യപ്രാപ്തി നേടിയോ എന്നത് പ്രാധാന്യമുള്ളതാണ്. എല്ലാം ശരിയാക്കാന്‍ 52 ദിവസം നിശ്ചയിച്ചത് യുക്തി രഹിതമെന്ന് പറയാന്‍ കഴിയില്ല. തീരുമാനിച്ചത് കേന്ദ്രം ആയതിനാല്‍ നടപടി തെറ്റെന്ന് പറയാന്‍ കഴിയില്ലെന്നും വിധിപ്രസ്താവത്തില്‍ പറയുന്നു.

ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പിന്‍വലിച്ച സര്‍ക്കാര്‍ നടപടിയുടെ സാധുത ചോദ്യം ചെയ്ത് സമര്‍പ്പിച്ച് 58 ഹരജികളാണ് സുപ്രിംകോടതി പരിഗണിച്ചത്. ജസ്റ്റിസ് എസ് എ നസീറിന്റെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പറഞ്ഞത്. ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണ, വി രാമസുബ്രഹ്മണ്യന്‍, ബി വി നാഗാര്‍ഥന എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍. ബെഞ്ചിലെ ജസ്റ്റിസുമാരായ ബി.ആര്‍ ഗവായിയും ബി വി നാഗരത്‌നയും വെവ്വെറെ വിധികളാണ് പുറപ്പെടുവിച്ചത്.

നോട്ടുനിരോധനം നടപ്പാക്കേണ്ടിയിരുന്നത് നിയമനിര്‍മാണത്തിലൂടെ ആയിരുന്നെന്നും സര്‍ക്കാര്‍ വിജ്ഞാപനത്തിലൂടെ ആയിരുന്നില്ലെന്നും നാഗരത്‌ന വ്യക്തമാക്കി. ആര്‍ബിഐ നിയമ 26 (2) വകുപ്പുപ്രകാരം നോട്ടുനിരോധനത്തിനുള്ള നടപടികള്‍ ആരംഭിക്കേണ്ടിയിരുന്നത് റിസര്‍വ് ബാങ്ക് ആയിരുന്നു. രഹസ്യാത്മകത വേണ്ടിയിരുന്നെങ്കില്‍ ഓര്‍ഡിനന്‍സ് ആണ് ഇറക്കേണ്ടിയിരുന്നത്. രാജ്യത്തിന്റെ ചെറുപതിപ്പാണ് പാര്‍ലമെന്റ്. ജനാധിപത്യത്തിന്റെ നെടുംതൂണായ പാര്‍ലമെന്റിനെ മാറ്റിനിര്‍ത്തി ഇത്രയും സുപ്രധാനമായ തീരുമാനം കൈക്കൊള്ളരുതായിരുന്നുവെന്ന് നാഗരത്‌ന ചൂട്ടിക്കാട്ടി.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.