2023 ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ഏറ്റവും മികച്ച ടീമിനെ ഒരുക്കുകയെന്ന ലക്ഷ്യത്തോടെ കടുത്ത നടപടികള്‍ക്കൊരുക്കി ബിസിസിഐ. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ഫിറ്റ്നസ് കര്‍ശനമാക്കി. ഫിറ്റ്നെസ് തെളിയിക്കാന്‍ യോ-യോ ടെസ്റ്റ് തിരിച്ചുകൊണ്ടുവരുമെന്ന് ബിസിസിഐ അറിയിച്ചു. യോ-യോ ടെസ്റ്റ് ജയിച്ചാല്‍ മാത്രമേ ടീമില്‍ ഉള്‍പ്പെടുത്തൂ.
കളിക്കാരുടെ കായികക്ഷമത ഉറപ്പാക്കുകയും പരിക്കുകള്‍ തടയുകയും ചെയ്യുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി കളിക്കാരുടെ ജോലിഭാരം ക്രമീകരിക്കുകയും ഫിറ്റ്‌നസ് പരിശോധനകള്‍ നിര്‍ബന്ധമാക്കുകയും ചെയ്യും. പ്രധാന കളിക്കാരെ ഐ പി എല്ലില്‍ പൂര്‍ണമായി കളിപ്പിക്കാതെ മാറ്റിനിര്‍ത്തുന്ന കാര്യവും പരിഗണിക്കുന്നുണ്ട്. കോച്ച് രാഹുല്‍ ദ്രാവിഡ്, ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ബി സി സി ഐ പ്രസിഡന്റ് റോജര്‍ ബിന്നി, സെക്രട്ടറി ജയ് ഷാ, നാഷനല്‍ ക്രിക്കറ്റ് അക്കാദമി മേധാവി വി വി എസ് ലക്ഷ്മണ്‍, സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ചേതന്‍ ശര്‍മ എന്നിവര്‍ മുംബൈയില്‍ ചേര്‍ന്ന യോഗത്തിലാണ് 2023ലെ പദ്ധതികള്‍ തീരുമാനിച്ചത്.