കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തുടനീളം നാളെ മോക്ക് ഡ്രില്‍ നടത്താന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം. കോവിഡ് കേസുകള്‍ വര്‍ധിച്ചാല്‍ ആ സാഹചര്യത്തെ നേരിടുന്നതിന് എല്ലാ സംസ്ഥാനങ്ങളിലേയും ആരോഗ്യ കേന്ദ്രങ്ങളെ സജ്ജമാക്കുന്നതിനായാണ് മോക്ക് ഡ്രില്‍ നടത്തുന്നത്.
ജില്ലാ കളക്ടര്‍മാരുടെ മേല്‍നോട്ടത്തിലായിരിക്കും ആരോഗ്യവകുപ്പ് മോക്ഡ്രില്‍ നടത്തുക. നാളെ വൈകിട്ടുതന്നെ മോക്ക് ഡ്രില്‍ ഫലം എല്ലാ സംസ്ഥാനങ്ങളും അപ്‌ലോട് ചെയ്യണമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്ഥാന ആരോഗ്യ സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കി.
ഓരോ സംസ്ഥാനങ്ങളുടേയും ഐസൊലേഷന്‍ വാര്‍ഡുകളുടെയും ഐസിയു, വെന്റിലേറ്റര്‍ സൗകര്യങ്ങളുടെയും ലഭ്യത ഇതിലൂടെ പരിശോധിക്കും. കോവിഡ് സാഹചര്യം നേരിടാന്‍ ആവശ്യമായ ആരോഗ്യപ്രവര്‍ത്തകരേയും മറ്റ് ജീവനക്കാരേയും ഉറപ്പ് വരുത്താനും കോവിഡ് പരിശോധനാ കേന്ദ്രങ്ങള്‍, മരുന്നുകള്‍, മാസ്‌ക്, പിപിഇ കിറ്റ് തുടങ്ങിയവയുടെ ലഭ്യത ഉറപ്പുവരുത്താനും മോക്ക് ഡ്രില്‍ ലക്ഷ്യമിടുന്നു.
തിങ്കളാഴ്ച ഇന്ത്യയില്‍ 196 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ സജീവ കേസുകളുടെ എണ്ണം 3428 ആയി. ഈ കേസുകളെല്ലാം ബിഎഫ് 7 വകഭേദത്തില്‍ പെട്ടതാണ്.
അതേസമയം കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനാല്‍ കര്‍ണ്ണാടകയില്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കി. സംസ്ഥാനത്തെ തിയേറ്ററുകള്‍, സ്‌കൂളുകള്‍, കേളേജുകള്‍ എന്നിവിടങ്ങളിലാണ് മാസ്‌ക് നിര്‍ബന്ധമാക്കുന്നത്. പുതുവര്‍ഷാഘോഷം നടക്കുന്ന സാഹചര്യത്തില്‍ പബുകള്‍, മാളുകള്‍, സിനിമാ തിയേറ്റര്‍, സ്‌കൂളുകള്‍, കോളജുകള്‍ എന്നിവിടങ്ങളിലും മാസ്‌ക് നിര്‍ബന്ധമാക്കി.