Thu. May 2nd, 2024
Attappadi native Chandran becomes first Kerala tribal youth to secure PhD in Medicinal Chemistry

 

ഇരുള ഗോത്ര വിഭാഗത്തില്‍ നിന്നും ആദ്യമായി പിഎച്ച്ഡി നേടി അട്ടപ്പാടി സ്വദേശി ആര്‍ ചന്ദ്രന്‍. ലക്നൗവിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാര്‍മസി എജ്യുക്കേഷന്‍ ആന്‍ഡ് റിസേര്‍ച്ചില്‍ (എന്‍ഐപിഇആര്‍) നിന്നാണ് ചന്ദ്രന് ഡോക്ടറേറ്റ് ലഭിച്ചത്. മെഡിക്കല്‍ കെമിസ്ട്രിയിലാണ് ചന്ദ്രന്റെ പിഎച്ച്ഡി.

ദോഡുഗട്ടി ഊരിലെ രംഗന്റെയും ലക്ഷ്മിയുടെയും മകനാണ്. ഇരുള വിഭാഗത്തിലെ എന്നല്ല, പാലക്കാട് ജില്ലയില്‍ തന്നെ ഒരുപക്ഷേ മെഡിക്കല്‍ കെമിസ്ട്രിയില്‍ പിഎച്ച്ഡി നേടുന്ന ആദ്യത്തെ വിദ്യാര്‍ത്ഥിയാണ് ചന്ദ്രന്‍. ക്ഷയരോഗത്തിനെതിരായി പ്രവര്‍ത്തിക്കുന്ന പുതിയ മരുന്ന് സംയുക്തങ്ങളെക്കുറിച്ചുള്ള പഠനമായിരുന്നു ചന്ദ്രന്റെ ഗവേഷണ വിഷയം. വളരെ കാലമായി ടിബിയ്ക്ക് പുതിയൊരു മരുന്ന് കണ്ടെത്തിയിട്ട്. അതുകൊണ്ടു തന്നെ ഈ വിഷയത്തില്‍ ഇനിയും ഏറെ പരീക്ഷണങ്ങള്‍ ചെയ്യേണ്ടതുണ്ടെന്ന് ചന്ദ്രന്‍ പറയുന്നു.

ദോഡിയാര്‍ഗണ്ടി ഗവ. എല്‍പി സ്‌കൂള്‍, കൂക്കുംപാളയം ഗവ. യുപി സ്‌കൂള്‍, കൂക്കുംപാളയം സെന്റ് പീറ്റേഴ്‌സ് ഹൈക്കൂള്‍, ഷോളയൂര്‍ ഗവ. ട്രൈബല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു ചന്ദ്രന്റെ സ്‌കൂള്‍ വിദ്യാഭ്യാസം. തുടര്‍ന്ന് പാലക്കാട് വിക്ടോറിയാ കോളേജില്‍ കെമിസ്ട്രി ബിരുദ പഠനത്തിന് ചേര്‍ന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ബിഫാമിന് അഡ്മിഷന്‍ ലഭിച്ചപ്പോള്‍ കെമിസ്ട്രി ബിരുദം ഉപേക്ഷിച്ച് കോഴിക്കോടേക്ക് വണ്ടി കയറി. 2014 ല്‍ ബിഫാം പൂര്‍ത്തിയാക്കി. കോഴിക്കോട് ഓപ്പണ്‍ മെഡിസിന്‍സ് എന്ന സ്വകാര്യ ഫാര്‍മസി ശൃംഖലയില്‍ ഒമ്പത് മാസത്തോളം ഫാര്‍മസിസ്റ്റായി ജോലി ചെയ്തു. ശേഷം കോട്ടത്തറ ഗവ. ട്രൈബല്‍ സൂപ്പര്‍ സ്‌പെഷ്യാലിസ്റ്റ് ഹോസ്പിറ്റലില്‍ ഒന്നരമാസം ഫാര്‍മസിറ്റിന്റെ ഒഴിവില്‍ ജോലി ചെയ്തു.

ജോലി ചെയ്യുന്നതിനിടെ തന്നെ പിജി എന്‍ട്രന്‍സ് എഴുതാറുണ്ടായിരുന്നു. കോളേജില്‍ സീനിയറായി പഠിച്ച അവിനാഷിന്റെയും അധ്യാപകരുടെയും മറ്റു സഹപാഠികളുടെയും പിന്തുണയില്‍ മൊഹാലിയിലെ നയ്പ്പര്‍ സര്‍വ്വകലാശാലയില്‍ മെഡിസിനല്‍ കെമിസ്ട്രിയില്‍ പിജിയ്ക്ക് അഡ്മിഷന്‍ ലഭിച്ചു. 2017 ല്‍ അവിടെ നിന്നും പാസൗട്ടായി. അതേ വര്‍ഷം തന്നെ റായിബറേലിയിലെ നയ്പ്പര്‍ സര്‍വ്വകലാശാലയില്‍ മെഡിസിനല്‍ കെമിസ്ട്രിയില്‍ പിഎച്ച്ഡിക്ക് ജോയിന്‍ ചെയ്തു. രംഗന്‍ലക്ഷ്മി ദമ്പതികളുടെ മൂന്ന് മക്കളില്‍ രണ്ടാമത്തെയാളാണ് ചന്ദ്രന്‍. വള്ളി, സരോജ എന്നിവര്‍ സഹോദരിമാരാണ്.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.